തെഹ്റാൻ– ഭരണം അട്ടിമറിക്കാൻ പദ്ധതിയിട്ട് ഇറാനെ ആക്രമിച്ച ശത്രുവിന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക നയതന്ത്ര ശ്രമങ്ങളിൽ പരസ്യമായി ഇടപെടുകയും രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് ചർച്ചകളുടെയും സംഭാഷണങ്ങളുടെയും സന്ദേശങ്ങൾ അയക്കുമ്പോൾ മറുവശത്ത് ആക്രമണത്തിനുള്ള നീക്കങ്ങളാണ് ശത്രുക്കൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ യുദ്ധം അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലാണെന്നും ഇതൊരു ലോകമഹായുദ്ധത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശത്രുക്കളെ കീഴടങ്ങാൻ അനുവദിക്കില്ലെന്നും ഏതൊരു ആക്രമണകാരിക്കും ഈ യുദ്ധം വലിയൊരു പാഠമായിരിക്കുമെന്നും ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക തങ്ങളെ കീഴടങ്ങാൻ നിർബന്ധിക്കുകയാണ്, എന്നാൽ ഇറാന്റെ മറുപടി വ്യക്തമാണെന്നും ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മിസൈൽ ശേഷി ഇപ്പോഴും കരുത്തുറ്റതാണെന്നും മിസൈലുകൾ ഇപ്പോഴും വിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശത്രുസൈന്യത്തിന്റെ ഭാഗത്ത് ഭയത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും, ചർച്ചകളെക്കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവനകൾ അവരുടെ ആഗ്രഹങ്ങൾ മാത്രമാണെന്നും ഖാലിബാഫ് വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും വിജയികളായി മാത്രമേ ഈ യുദ്ധത്തിൽ നിന്ന് പുറത്തുവരൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു.



