മോസ്‌കോ – ഇറാനിലെ യു.എസിന്റെയും ഇസ്രായിലിന്റെയും വ്യോമാക്രമണങ്ങളെയും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കൊലപാതകത്തെയും ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ശക്തമായി അപലപിച്ചു. ഖാംനഇയുടെയും കുടുംബത്തിന്റെയും കൊലപാതകം എല്ലാ മാനുഷിക ധാര്‍മ്മികതയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്‌നമായ ലംഘനവും മനഃപൂര്‍വമായ കുറ്റകൃത്യവുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിന്റെ നഗ്‌നമായ കൊലപാതകവും ഭരണമാറ്റത്തിനുള്ള പ്രേരണയും സ്വീകാര്യമല്ലെന്ന് ചൈനീസ് വിദേശ മന്ത്രി വാങ് യി പ്രസ്താവിച്ചു. ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങളും യു.എസ് സൈനിക നടപടിയും നിയമവിരുദ്ധമായ ആക്രമണം ആണെന്നും ദേശീയ പരമാധികാരത്തിന്റെ ലംഘനമാണെന്നും ഉത്തര കൊറിയന്‍ വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇറാനെതിരായ യു.എസ് സൈനിക നടപടി പ്രതീക്ഷിച്ചതാണ്. അമേരിക്കയുടെ ആധിപത്യപരവും ശത്രുതാപരമായതുമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അത് അനിവാര്യമായ ഒരു അനന്തരഫലമാണെന്ന് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.



