മഷ്‌ഹദ്– പത്ത് ദിവസത്തെ കരാമത്ത് ആഘോഷങ്ങളുടെ ഭാഗമായി ഇറാനിലെ പവിത്രമായ ഇമാം റേസ പുണ്യതീർത്ഥാടന കേന്ദ്രത്തിൽ പതിനായിരക്കണക്കിന് ബാല്യങ്ങൾ ഒത്തുചേർന്നു. മിനാബിലെ രക്തസാക്ഷികളായ വിദ്യാർത്ഥികളുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഏഞ്ചൽസ് ഓഫ് റെസിസ്റ്റൻസ് ചടങ്ങിൽ 12,000-ത്തോളം കൊച്ചു ഖുർആൻ പഠിതാക്കളാണ് മാതാക്കൾക്കൊപ്പം പങ്കെടുത്തത്. മിനാബിലെ ഷജറേ തയ്യിബ സ്കൂളിലെ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സാന്നിധ്യം ചടങ്ങിൽ വൈകാരികമായ അന്തരീക്ഷം പകർന്നു. അസ്താൻ ഖുദ്‌സ് റസവിയുടെ കീഴിലുള്ള മഹ്ദ് അൽ-റേസ ഇൻസ്റ്റിറ്റ്യൂട്ട് ആണ് അഞ്ച് വയസ്സുള്ള കുട്ടികൾക്കായി ഈ വിപുലമായ സംഗമം ഒരുക്കിയത്. മഷ്‌ഹദിൽ മാത്രം 570 ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ ഖുർആൻ പഠന പ്രവർത്തനങ്ങളുടെ വ്യാപ്തി വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച നടന്ന ഈ ഒത്തുചേരൽ.
യുവ ഖുർആൻ പാരായണക്കാരുടെ പാരായണം, ഇമാം റേസയോടുള്ള പ്രത്യേക പ്രാർത്ഥനകൾ, ‘ഡിവൈൻ ഹോംലാൻഡ്’ എന്ന ഗാനാലാപനം എന്നിവ ചടങ്ങിന് ഗാംഭീര്യമേകി. മിനാബിലെ രക്തസാക്ഷികൾക്കായി പ്രത്യേകം തയ്യാറാക്കിയ അനുസ്മരണ പരിപാടികളും ഖുർആൻ പ്രമേയമാക്കിയുള്ള വിവിധ പ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു. വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുമെന്നും നന്മയുടെയും ദൈവിക മാർഗദർശനത്തിന്റെയും പാതയിൽ ഉറച്ചുനിൽക്കുമെന്നും കുട്ടികൾ ഒരേസ്വരത്തിൽ ചൊല്ലിയ പ്രതിജ്ഞയോടെയാണ് സംഗമം സമാപിച്ചത്.



