തെഹ്‌റാൻ– അമേരിക്കയിൽ നിന്നും ഇസ്രായിലിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ള ഏത് പുതിയ ആക്രമണത്തെയും ശക്തമായി നേരിടാൻ ഇറാൻ്റെ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലേയ്-നിക് മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് പശ്ചാത്തപിക്കേണ്ടി വരുന്ന തരത്തിലുള്ള കനത്ത തിരിച്ചടിയായിരിക്കും ഇറാൻ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന് മേൽ അടിച്ചേൽപ്പിച്ച യുദ്ധത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച മുൻ പ്രതിരോധ മന്ത്രി മേജർ ജനറൽ അസീസ് നാസിർസാദെയുടെയും സഹപ്രവർത്തകരുടെയും സ്മരണാർത്ഥം റെയ് നഗരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരണങ്ങളൊന്നുമില്ലാതെ ഇറാന് മേൽ അടിച്ചേൽപ്പിച്ച ഈ യുദ്ധം അമേരിക്കയുടെ ബലഹീനതയാണ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയതെന്ന് തലേയ്-നിക് പറഞ്ഞു. അമേരിക്കൻ മേധാവിത്വത്തിൻ്റെ തകർച്ചയും ഏകപക്ഷീയമായ തീരുമാനങ്ങളുടെ അന്ത്യവും ഇന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലും മറ്റ് രാജ്യങ്ങളിലും തങ്ങൾ ചെയ്തുകൂട്ടിയ ക്രൂരമായ കുറ്റകൃത്യങ്ങൾ കാരണം, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് ലോകമെമ്പാടുമുള്ള സ്വതന്ത്ര മനുഷ്യരുടെ മുന്നിൽ ഏറ്റവും വെറുക്കപ്പെട്ട വ്യക്തികളായി മാറിയിരിക്കുകയാണെന്നും തലേയ്-നിക് കുറ്റപ്പെടുത്തി. റമദാൻ യുദ്ധത്തെയും ഇറാൻ ജനതയുടെ ധീരമായ പ്രതിരോധത്തെയും അദ്ദേഹം പ്രശംസിച്ചു.
പ്രതിരോധ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ച 18 മാസക്കാലം, പ്രത്യേകിച്ച് സൈനിക ഉപകരണങ്ങളുടെ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് രക്തസാക്ഷിയായ ജനറൽ നാസിർസാദെ കാഴ്ചവെച്ചതെന്ന് തലേയ്-നിക് അനുസ്മരിച്ചു. അന്തരിച്ച കമാൻഡർമാരുടെ മഹത്തായ പാത അതേ വിശ്വാസത്തോടും ആവേശത്തോടും കൂടി തുടരാൻ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.



