തെഹ്‌റാന്‍ – തങ്ങൾക്കെതിരെയുള്ള ഏതൊരു നീക്കത്തിനും ഉടനടിയും ശക്തവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്‌റമി നിയ മുന്നറിയിപ്പ് നൽകി. ഇറാൻ പ്രതികരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതുന്നത് തെറ്റാണെന്നും മേഖലയിലെ പല യുഎസ് സൈനിക താവളങ്ങളും തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സൈനിക ശക്തി വർധിപ്പിക്കാൻ ഇറാൻ കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചുകൊണ്ട് സമ്മർദ്ദം തുടരുകയാണ്. ഇറാനെതിരെ നിലവിൽ സൈനിക നടപടികൾക്കൊന്നും ട്രംപ് അനുമതി നൽകിയിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വെനിസ്വേലൻ തീരത്ത് സൈനിക വിന്യാസം നടത്തി സമ്മർദ്ദം ചെലുത്തിയതിന് സമാനമായ തന്ത്രമാണ് അമേരിക്ക ഇറാനിലും പരീക്ഷിക്കുന്നത്. എന്നാൽ ഇറാനിലെ സൈനിക നീക്കം കൂടുതൽ അപകടകരമാണെന്ന ബോധ്യം അമേരിക്കൻ ഭരണകൂടത്തിനുണ്ട്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കാൻ ഇസ്രായേൽ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം തകർക്കപ്പെട്ട മിസൈൽ പദ്ധതികൾ ഇറാൻ പുനഃസ്ഥാപിച്ചതാണ് ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നത്. ആണവ കരാറിൽ ഒപ്പിടാനുള്ള അവസരം ഇറാന് മുന്നിലുണ്ടെന്നും പ്രസിഡന്റ് ട്രംപ് എടുക്കുന്ന ഏത് തീരുമാനവും നടപ്പിലാക്കാൻ രാജ്യം സജ്ജമാണെന്നും യുഎസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.



