തെഹ്റാന് – ആണവ പ്രശ്നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന് ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന് അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.
ഇറന് പരമോന്നത നേതാവിന്റെ കൃത്യമായ സ്ഥാനം തനിക്ക് അറിയാമായിരുന്നു. പക്ഷേ ഇസ്രായിലിനെയോ യു.എസ് സൈന്യത്തെയോ അദ്ദേഹത്തെ കൊല്ലാന്‍ അനുവദിച്ചില്ല എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതിയ പോസ്റ്റിനുള്ള മറുപടിയായാണ് അറാഖ്ജിയുടെ പ്രസ്താവന. ഭയാനകവും അപമാനകരവുമായ ഒരു മരണത്തില്‍ നിന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചു, നിങ്ങള്‍ എന്നോട് നന്ദി പറയണമായിരുന്നു – അലി ഖാംനഇയോട് ട്രംപ് പറഞ്ഞു. നിരവധി ഇറാനികളെ കൊല്ലുമായിരുന്ന വിനാശകരമായ ആക്രമണം തെഹ്റാനില്‍ നടത്തുന്നതില്‍ നിന്ന് ഇസ്രായിലിനെ താന്‍ തടഞ്ഞതായും ട്രംപ് പറഞ്ഞു.
പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാള്‍, തന്റെ പ്രസ്താവന ഒരു പച്ചക്കള്ളമാണെന്ന് അറിഞ്ഞുകൊണ്ട്, ഇസ്രായിലുമായുള്ള യുദ്ധം ജയിച്ചുവെന്ന് ഇത്ര തുറന്നടിച്ചും മണ്ടത്തരമായും അവകാശപ്പെടുന്നത് എന്തുകൊണ്ടാണ്, അദ്ദേഹം അങ്ങനെയല്ല. വിശ്വാസമുള്ള ഒരു മനുഷ്യനെന്ന നിലയില്‍, അദ്ദേഹം കള്ളം പറയരുത്. അദ്ദേഹത്തിന്റെ രാജ്യം നശിപ്പിക്കപ്പെട്ടു, അദ്ദേഹത്തിന്റെ മൂന്ന് ആണവ കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു – ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നീ ആണവ കേന്ദ്രങ്ങള്‍ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.