തെല്‍അവീവ് – ഇറാന് ഒന്നിലധികം വാര്‍ഹെഡുകള്‍ അടങ്ങിയ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചതായും ഇത് തങ്ങളുടെ വ്യോമ പ്രതിരോധത്തിന് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നതായും ഇസ്രായില്‍ സൈന്യം പറഞ്ഞു. ഒരൊറ്റ വാര്‍ഹെഡ് ട്രാക്ക് ചെയ്യുന്നതിനു പകരം ഒന്നിലധികം വാര്‍ഹെഡുകള്‍ വഹിക്കുന്ന മിസൈലുകളെ നേരിടാന്‍ ഇസ്രായിലിന്റെ അയണ്‍ ഡോം പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ്.
തെല്‍അവീവിലെ ഗുഷ് ഡാന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇറാന് ഉപയോഗിച്ച മിസൈലുകള്‍ ഇസ്രായിലിനെതിരെ മുമ്പ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ ഇനം മിസൈലുകളാണെന്നും അവ ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായില്‍ സൈന്യം സമ്മതിച്ചതായി മാരിവ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരു സാധാരണ ഉപരിതല-വ്യോമ മിസൈലില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് ഞങ്ങള്‍ നേരിടുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറഞ്ഞു. അത് വായുവില്‍ പൊട്ടിത്തെറിക്കുമ്പോള്‍ എട്ടു കിലോമീറ്റര്‍ വരെ വ്യാസമുള്ള വൃത്താകൃതിയില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പുറത്തുവിടുന്നു. ഇതില്‍ ഓരോ ബോംബിനും ഏകദേശം 2.5 കിലോഗ്രാം ഭാരം വരും – മുതിര്‍ന്ന ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
ഇറാന് ഉപയോഗിക്കുന്ന മള്‍ട്ടി വാര്‍ഹെഡ് മിസൈലുകളുടെ ഫോട്ടോകള്‍ ഇസ്രായില്‍ സൈന്യം പുറത്തുവിട്ടു. ഈ ബോംബുകളില്‍ ചിലത് വിവിധ പ്രദേശങ്ങളില്‍ വീണതായി ഇസ്രായിലി ഹോം ഫ്രണ്ട് കമാന്‍ഡ് സ്ഥിരീകരിച്ചു. അവയെ സമീപിക്കരുതെന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.