- തെഹ്‌റാന്‍ ചുട്ടെരിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
തെഹ്‌റാന്‍ – ഇസ്രായിലും ഇറാനും രണ്ടാം ദിവസവും ശക്തമായ ആക്രമണം തുടരുന്നു. തലസ്ഥാന നഗരിയായ തെഹ്‌റാന്‍ അടക്കം ഇറാനിലെ വിവിധ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇസ്രായില്‍ ഇന്നും വ്യോമാക്രമണങ്ങള്‍ നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തെല്‍അവീവിലടക്കം ഇസ്രായിലില്‍ ഇറാനും ആക്രമണങ്ങള്‍ നടത്തി. എല്ലാ സീമന്ത രേഖകളും ലംഘിച്ച ഇസ്രായിലിനെതിരായ ആക്രമണത്തിന് പരിധികളൊന്നുമില്ലെന്ന് ഇറാന്‍ സായുധ സേന വ്യക്തമാക്കി. ഇസ്രായിലിനെതിരായ അടുത്ത ആക്രമണത്തില്‍ 2,000 മിസൈലുകള്‍ തൊടുത്തുവിടുമെന്നും ഇത് ഇറാന്‍ നേരത്തെ നടത്തിയ ആക്രമണങ്ങളുടെ 20 ഇരട്ടിയാണെന്നും ഇറാന്‍ സൈനിക വക്താവ് ഇന്ന് രാവിലെ പറഞ്ഞു.
ഇസ്രായിലില്‍ സിവിലിയന്മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടര്‍ന്നാല്‍ തെഹ്‌റാന്‍ ചുട്ടെരിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാംനഇക്ക് മുന്നറിയിപ്പ് നല്‍കി. തെഹ്റാനില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് നേരെ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ ജംറാന്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 20 കുട്ടികളും ഉള്‍പ്പെടുന്നതായി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 38 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ചാനല്‍ പറഞ്ഞു. തലസ്ഥാനമായ തെഹ്റാനിലും മറ്റ് നഗരങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ബോംബാക്രമണം നടത്തി ഇസ്രായില്‍ സീമന്തരേഖ മറികടന്നതായി ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു.
ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ച് ഇറാനെതിരെ ഇസ്രായില്‍ ഇന്നലെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഇറാനും ഇസ്രായിലും മിസൈല്‍ ആക്രമണവും വ്യോമാക്രമണവും നടത്തി.
തെഹ്റാനില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനിലെ മഹ്റാബാദ് വിമാനത്താവളത്തില്‍ രണ്ട് ഷെല്ലുകള്‍ പതിച്ചതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹ്റാബാദ് വിമാനത്താവളത്തില്‍ യുദ്ധവിമാനങ്ങള്‍ അടങ്ങിയ ഹാംഗര്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ പറഞ്ഞു. ഇറാന്റെ പ്രധാന കമാന്‍ഡ് കേന്ദ്രങ്ങള്‍ക്കു സമീപമാണ് മഹ്‌റാബാദ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും അടങ്ങിയ വ്യോമതാവളവും ഈ എയര്‍പോര്‍ട്ടിലുണ്ട്.
തെല്‍അവീവിന് സമീപമുള്ള ഇസ്രായിലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഇസ്രായില്‍ അധികൃതര്‍ അറിയിച്ചു. വന്‍തോതിലുള്ള ഇസ്രായിലി ആക്രമണത്തിന് മറുപടിയായി ഇസ്രായിലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണിത്. വിമാനത്താവളം വീണ്ടും തുറക്കുന്നതിന് പ്രത്യേക തീയതിയോ ദിവസമോ നിശ്ചയിച്ചില്ലെന്ന് എയര്‍പോര്‍ട്ട് വക്താവ് ലിസ ഡെവര്‍ എ.എഫ്.പിയോട് പറഞ്ഞു.
ക്യാപ്.
തെഹ്‌റാനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം. വലത്ത്: ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ തകര്‍ന്ന കെട്ടിടം.