തെഹ്‌റാൻ: ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങളിൽ ഇടപെടാനോ ആജ്ഞാപിക്കാനോ ഒരു പാശ്ചാത്യ ശക്തിക്കും അവകാശമില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനാണ് ഇറാൻ പ്രഥമ പരിഗണന നൽകുന്നത്. അമേരിക്കയുമായി ഇതുവരെ ഒരു തരത്തിലുള്ള ഔദ്യോഗിക കരാറിലും എത്തിയിട്ടില്ലെന്നും, ഈ ഘട്ടത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചോ ആണവ വസ്തുക്കളുടെ കൈമാറ്റത്തെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിച്ചതായുള്ള വാർത്തകൾ കേവലം മാധ്യമ പ്രസ്താവനകൾ മാത്രമാണോ അതോ യാഥാർത്ഥ്യമാണോ എന്ന് രാജ്യം നിരീക്ഷിച്ചു വരികയാണ്. അമേരിക്കയുടെ താല്പര്യങ്ങൾക്ക് അനുസരിച്ചല്ല, മറിച്ച് ഇറാന്റെ ദേശീയ താല്പര്യങ്ങൾ മുൻനിർത്തി മാത്രമായിരിക്കും ഭരണകൂടം മുന്നോട്ട് പോവുക. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. അതേസമയം, വാണിജ്യ കപ്പലുകൾക്ക് ഇറാൻ സൈന്യത്തിന്റെ കൃത്യമായ ഏകോപനത്തോടെ കടന്നുപോകാം. ഹോർമുസ് കടലിടുക്കിന്റെ ഭാവി നിയന്ത്രണം അതിന്റെ തീരദേശ രാജ്യങ്ങളായ ഒമാൻ, ഇറാൻ എന്നിവരുടെ മാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ബഗായ് ഓർമ്മിപ്പിച്ചു.
ട്രംപിന്റെ പ്രസ്താവനകൾ വ്യാജം: ഫാർസ് ന്യൂസ്
അതിനിടെ, ഇറാനും അമേരിക്കയും തമ്മിൽ രൂപീകരിക്കാൻ പോകുന്ന കരാറിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തുല്യമായ പ്രതിബദ്ധതകളുടെ (Give and Take) അടിസ്ഥാനത്തിൽ മാത്രമാണ് നിർദ്ദിഷ്ട കരാറിന്റെ ചർച്ചകൾ നടക്കുന്നത്. നിബന്ധനകളോ ഫീസോ ഇല്ലാതെ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനെ നിർബന്ധിക്കുന്ന യാതൊരു വ്യവസ്ഥയും ഇതിലില്ല. ട്രംപിന്റെ ട്വീറ്റുകൾ സത്യവും കള്ളവും കൂട്ടിക്കലർത്തിയവയാണ്.
രാജ്യത്തിന് മേലുള്ള എല്ലാ ഉപരോധങ്ങളും പൂർണ്ണമായി പിൻവലിക്കാതെ ഇറാൻ ആണവ ചർച്ചകളിലേക്ക് കടക്കില്ല. ഇറാന്റെ ആണവ ശേഖരം നശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു വകുപ്പും നിലവിലെ ധാരണാപത്രത്തിലില്ല. എന്നാൽ, മുൻകൂട്ടി നിശ്ചയിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾക്ക് വിധേയമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾ ഇപ്പോഴും അന്തിമഘട്ട ചർച്ചകളിലാണ്. കരാർ യാഥാർത്ഥ്യമായാൽ, വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ആസ്തികളിൽ നിന്ന് 12 ബില്യൺ ഡോളർ വിട്ടുകിട്ടുമെന്നും ഇറാൻ വൃത്തങ്ങൾ വെളിപ്പെടുത്തി.



