തെഹ്‌റാന്‍ – ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്പെക്ടര്‍മാരുടെ ഷൂസുകളില്‍ സംശയാസ്പദമായ സ്‌പൈ ചിപ്പുകള്‍ കണ്ടെത്തിയതായി ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ മഹ്മൂദ് നബവിയാന്‍ വെളിപ്പെടുത്തി. ഫാര്‍സ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നബാവിയാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രകടനത്തെ വിമര്‍ശിച്ചു.
ചില ഇറാന്‍ ആണവ കേന്ദ്രങ്ങളുടെ സ്വഭാവം തിരിച്ചറിയുന്ന ഏജന്‍സിയുടെ രീതിയെ അദ്ദേഹം ചോദ്യം ചെയ്തു. നതാന്‍സില്‍ ഞങ്ങള്‍ക്ക് ആണവ കേന്ദ്രങ്ങളുണ്ടെന്ന് അവര്‍ എങ്ങിനെ അറിയും? അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങള്‍ വഴിയോ സുരക്ഷാ വകുപ്പുകള്‍ വഴിയോ ആണ് അവര്‍ സാധാരണയായി ആണവ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നത്. ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയോട് ഞങ്ങള്‍ ചോദിക്കുന്നു: ഞങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളെ കുറിച്ച പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ പറയുന്നു. ഈ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രായിലാണോ നിങ്ങള്‍ക്ക് നല്‍കിയത്? ഞങ്ങളില്‍ നിന്നുള്ള വല്ല രേഖകളും ഇസ്രായില്‍ നിങ്ങള്‍ക്ക് നല്‍കിയോ? നിങ്ങള്‍ എന്തിനാണ് ഇസ്രായിലിനെ ശ്രദ്ധിക്കുന്നത്? ഇസ്രായില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയിലെ അംഗമാണോ? അതുകൊണ്ടാണ് നിങ്ങള്‍ ചാരവൃത്തി നടത്തുകയാണെന്ന് ഞങ്ങള്‍ പറയുന്നത് – മഹ്മൂദ് നബവിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായിലിന്റെ രഹസ്യ രേഖകള്‍ ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം നേടിയ നടപടിയെ കുറിച്ചും ഇറാന്‍ എം.പി പരാമര്‍ശിച്ചു. ഞങ്ങള്‍ ഇസ്രായിലില്‍ നിന്ന് ഒരു കോടി രേഖകള്‍ കൊണ്ടുവന്നു. ആണവ നിര്‍വ്യാപന കരാറിലെ അംഗം എന്ന നിലയില്‍ ഇസ്രായിലിനെ കുറിച്ച ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഏജന്‍സിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. പക്ഷേ, ഗ്രോസി ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇസ്രായിലിന് കൈമാറുകയായിരുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തി എന്ന് തെളിവുകള്‍ സഹിതമാണ് ഞങ്ങള്‍ പറയുന്നതെന്ന് ഗ്രോസിയെ അഭിസംബോധന ചെയ്ത് മഹ്മൂദ് നബവിയാന്‍ പറഞ്ഞു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഞങ്ങള്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചപ്പോള്‍ ഏജന്‍സി അവ ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് വിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ഇക്കാര്യത്തില്‍ ഏജന്‍സിയെ ഉത്തരവാദിത്തപ്പെടുത്തണം. ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇസ്രായിലി, അമേരിക്കന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായും മഹ്മൂദ് നബവിയാന്‍ പറഞ്ഞു.
കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ ഔദ്യോഗികമായി നിര്‍ത്തിവെച്ചു. പാശ്ചാത്യ രാജ്യങ്ങളോട് പക്ഷപാതം കാണിക്കുന്നുവെന്നും ഇസ്രായിലി വ്യോമാക്രമണത്തിന് ന്യായീകരണം നല്‍കിയെന്നും ആരോപിച്ച് ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. ആണവ നിര്‍വ്യാപന കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ ഇറാന്‍ നിറവേറ്റുന്നില്ലെന്ന് പ്രസ്താവിക്കുന്ന പ്രമേയത്തില്‍ ഐ.എ.ഇ.എ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് വോട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസം ഇസ്രായില്‍ ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചു.
ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു. ഇറാന്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ ഒരു ഡസനിലേറെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെ ഇസ്രായില്‍ കൊലപ്പെടുത്തുകയും ചെയ്തു. ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ ആക്രമണങ്ങള്‍ നടത്തി അമേരിക്കയും ഇസ്രായില്‍ ആക്രമണത്തില്‍ പങ്കുചേര്‍ന്നു.