തെഹ്റാന് – മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
ഇറാന്റെ തിരിച്ചടിയെ ചെറുക്കാന്‍ ഇസ്രായിലിന് കഴിയാതെ വന്നതിന്റെ ഫലമായാണ് അമേരിക്ക യുദ്ധത്തില്‍ പ്രവേശിച്ചത്. ചെറുത്തുനില്ക്കുന്നതില് ഇസ്രായില്‍ പരാജയപ്പെട്ടതിന്റെ തെളിവാണിത്. കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും വെടിനിര്‍ത്തല്‍ അഭ്യര്‍ഥിക്കുകയും ചെയ്തു – അബ്ബാസ് അറാഖ്ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാന് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖആനി മധ്യ തെഹ്റാനില്‍ വെടിനിര്‍ത്തലിന്റെ ജനകീയ ആഘോഷവേളയില്‍ പ്രത്യക്ഷപ്പെട്ടു. ഇസ്രായില്‍ ആക്രമണത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖആനി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള വിജയം ആഘോഷിക്കാന്‍ നിരവധി പേര് ഒത്തുകൂടിയ വിപ്ലവ സ്ക്വയറില്‍ കറുത്ത തൊപ്പിയും സിവിലിയന്‍ വസ്ത്രവും ധരിച്ചാണ് ഖആനി പ്രത്യക്ഷപ്പെട്ടത്.
ഇറാന് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖആനി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ 12 ദിവസത്തേക്ക് ഖആനി അപ്രത്യക്ഷനായി. ഇത് അദ്ദേഹത്തിന്റെ വിധിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ജനകീയ ആഘോഷത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖആനി പ്രത്യക്ഷപ്പെട്ടത് ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.