തെഹ്റാൻ- യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം രാജ്യം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാൻ. എന്നാൽ സമ്പുഷ്ടീകരണത്തിന്റെ ത തോതും വിശദാംശങ്ങളും വരുംദിവസങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. അമേരിക്കയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും, ആണവ വിഷയത്തിൽ ചർച്ചയ്ക്ക് മുമ്പ് ഇറാൻ മുന്നോട്ടുവെച്ച ഉപാധികൾ യു.എസ് അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ഇറാൻ ആണവസമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. നയതന്ത്ര കരാറുകൾക്ക് അമേരിക്ക സന്നദ്ധമാണെന്നും, എന്നാൽ സ്ഥിരമായ വെടിനിർത്തൽ സാധ്യമാകണമെങ്കിൽ യുറേനിയം സമ്പുഷ്ടീകരണ അടിസ്ഥാന സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇറാൻ തയ്യാറാകണമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി എന്നിവരുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, തീരുമാനങ്ങളെടുക്കാൻ ഇവർക്ക് എത്രത്തോളം അധികാരമുണ്ടെന്നതിൽ ഉറപ്പില്ലെന്നും വാൻസ് ചൂണ്ടിക്കാട്ടി.
എന്നാൽ, ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ രാജ്യം ചെറുത്തുനിൽപ്പ് തുടരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പ്രതികരിച്ചു. ആഭ്യന്തര ശേഷിയും ജനങ്ങളുടെ ഐക്യദാർഢ്യവുമാണ് രാജ്യത്തിന്റെ ശക്തിയെന്നും ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ആവശ്യങ്ങൾ മുന്നിൽനിർത്തി അയൽരാജ്യങ്ങളുമായി ഇറാൻ ചർച്ചകൾ നടത്തിവരികയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.







