തെഹ്റാന് – ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ സര്‍ക്കാര്‍ വിരുദ്ധരെയും വിമതരെയും പാര്‍പ്പിക്കുന്ന എവിന്‍ ജയില്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 71 പേര് കൊല്ലപ്പെട്ടതായി ഇറാന് ജുഡീഷ്യറി അറിയിച്ചു.
ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് എവിന്‍ ജയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഇറാന് അറിയിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, എവിന്‍ ജയില്‍ ആക്രമണത്തില്‍ 71 പേര് കൊല്ലപ്പെട്ടതായി ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു. ജയില്‍ ജീവനക്കാര്‍, സൈനികര്‍, തടവുകാര്‍, സന്ദര്‍ശകര്‍, ജയില്‍ സമുച്ചയത്തിനു സമീപം താമസിക്കുന്നവര്‍ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജുഡീഷ്യറി വക്താവ് പറഞ്ഞു.
ജൂണ്‍ 13 ന് ആരംഭിച്ച ഇറാനെതിരായ 12 ദിവസത്തെ യുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച തെഹ്റാന്റെ വടക്ക് ഭാഗത്തുള്ള കനത്ത സുരക്ഷയുള്ള എവിന്‍ ജയില്‍ സമുച്ചയം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ അറിയിച്ചിരുന്നു. ഇസ്രായില്‍ ആക്രമണത്തില്‍ തകര്‍ന്ന എവിന്‍ ജയില്‍ സമുച്ചയത്തില്‍ നിന്ന് തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റിയതായി ജുഡീഷ്യറി കഴിഞ്ഞ ചൊവ്വാഴ്ച ഇറാന് അറിയിച്ചു.
ജയിലിന്റെ തകര്‍ന്ന ചുമരുകള്‍, തകര്‍ന്ന മേല്‍ക്കൂരകള്‍, ക്രെയിനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ ഇറാന് ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് പുറത്തുവിട്ടു. ജയില്‍ സമുച്ചയത്തിലെ ഹെല്‍ത്ത് സെന്ററും സന്ദര്‍ശകര്‍ക്കുള്ള ഹാളും ഇസ്രായില്‍ പ്രത്യേകം ലക്ഷ്യമിട്ടതായി ഇറാന് ജുഡീഷ്യറി സൂചിപ്പിച്ചു. എവിന്‍ ജയിലിന്റെ പ്രവേശന കവാടം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായില്‍ അവകാശപ്പെട്ടത്.