വാഷിങ്ടൺ – ഇറാൻ ഹാക്കർമാർ ഹാക്ക് ചെയ്ത അമേരിക്കൻ ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിലിൽ ഗുജറാത്തിൽ നിന്നുള്ള മെയിലും. പുറത്തുവന്ന രേഖകളിൽ അദ്ദേഹം പത്തുവർഷം മുൻപ് ഗുജറാത്തിലെ വഡോദരയിലെ എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖയുമായി നടത്തിയ ഇടപാടുകൾ വെളിപ്പെടുത്തുന്നുണ്ട്. ഇറാൻ ബന്ധമുള്ള ‘ഹന്ദാല ഹാക്ക് ടീം’ എന്ന ഹാക്കർ ഗ്രൂപ്പാണ് ഈ സൈബർ ആക്രമണത്തിന് പിന്നിൽ.
വഡോദരയിലെ ഗോത്രി റോഡ് ബ്രാഞ്ചിൽ നിന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അയച്ച ഇമെയിലിന് കാഷ് പട്ടേൽ നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. ഇന്ത്യയിൽ എൻ.ആർ.ഇ (നോൺ-റെസിഡന്റ് എക്‌സ്റ്റേണൽ) അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളായിരുന്നു ഇമെയിലിൽ ഉണ്ടായിരുന്നത്.
പട്ടേലിന്റെ സ്വകാര്യ ചിത്രങ്ങൾ, റെസ്യൂമെ എന്നിവയ്ക്ക് പുറമെ 320-ഓളം ഇമെയിലുകളാണ് ഹാക്കർമാർ പുറത്തുവിട്ടത്. 2010 മുതൽ 2019 വരെയുള്ള കാലയളവിലെ സന്ദേശങ്ങളാണിവ. എന്നാൽ ഇവ പഴയ രേഖകളാണെന്നും ഔദ്യോഗിക വിവരങ്ങൾ ചോർന്നിട്ടില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കി. ഹാക്കർമാരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റത്.



