തെഹ്‌റാൻ– ഇറാനിലെ വിവിധ പ്രദേശങ്ങളിൽ യുഎസ് സൈന്യം നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ. ഇത്തരം ക്രൂരമായ യുദ്ധക്കുറ്റങ്ങൾ നേരിടാൻ നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. ചൊവ്വാഴ്ച ഹോർമുസ്ഗാൻ പ്രവിശ്യയിലെ ഹാജിആബാദിലുള്ള സയ്യിദ് ജൗസർ ഗ്രാമത്തിലെ പരിസ്ഥിതി സംരക്ഷണ കേന്ദ്രത്തിന് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിസ്ഥിതി പ്രവർത്തകനായ ജവാദ് ഹസൻസാദെയുടെ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു.
കഴിഞ്ഞ നാലര മാസമായി ഇറാനെതിരെ അമേരിക്ക തുടരുന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് വക്താവ് ചൂണ്ടിക്കാട്ടി. തെഹ്‌റാൻ, മിനാബ്, ലമേർഡ് തുടങ്ങിയ നഗരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളെ കൊലപ്പെടുത്തിക്കൊണ്ടാണ് ഈ ക്രൂരതയ്ക്ക് അമേരിക്ക തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരായ അമേരിക്കയുടെ ശത്രുത ഓരോ ദിവസവും വർദ്ധിച്ചുവരുന്നതായി ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നുവെന്നും ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.



