തെഹ്റാൻ: ജൂൺ 13 മുതൽ 24 വരെ നീണ്ട 12 ദിവസത്തെ ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ റഷ്യ ഇസ്രായേലിനെ സഹായിച്ചതായി ഇറാനിയൻ എക്സ്പെഡിയൻസി ഡിസേൺമെന്റ് കൗൺസിൽ അംഗമായ മുഹമ്മദ് സദർ ആരോപിച്ചു. ഇറാന്റെ പ്രതിരോധ കേന്ദ്രങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ റഷ്യ ഇസ്രായേലിന് കൈമാറിയതായി അദ്ദേഹം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
“നാറ്റോ അംഗമായ തുർക്കിക്ക് എസ്-400 പ്രതിരോധ സംവിധാനം നൽകാൻ റഷ്യ തയ്യാറായിരുന്നു, പക്ഷേ ഞങ്ങൾക്ക് അത് നിഷേധിച്ചു. ഇറാനുമായി റഷ്യക്ക് തന്ത്രപരമായ കരാറുണ്ടെങ്കിലും, സുഖോയ്-35 വിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകൾ വർഷങ്ങളായി തുടരുന്നു. എന്നിട്ടും അവ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. റഷ്യക്ക് ഇസ്രായേലിനോട് പ്രത്യേക ആഭിമുഖ്യമുണ്ട്. നമുക്ക് റഷ്യയുമായി ബന്ധം പുലര്‍ത്താം, പക്ഷേ വിശ്വാസമില്ലാതെ,” മുഹമ്മദ് സദർ വ്യക്തമാക്കി.
2024 മേയിൽ അസർബൈജാൻ അതിർത്തിക്കടുത്തുള്ള പർവതപ്രദേശത്ത് മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ തകർന്ന സംഭവം ഇസ്രായേൽ ആസൂത്രണം ചെയ്തതാണെന്നും മുഹമ്മദ് സദർ ആരോപിച്ചു. ഈ അപകടത്തിൽ റൈസി, വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ, തബ്രീസിലെ ഇമാമെ-ജുമുഅ ആയത്തുല്ല ആലുഹാശിം, കിഴക്കൻ അസർബൈജാൻ ഗവർണർ മാലിക് റഹ്മത്തി, പ്രസിഡൻഷ്യൽ സുരക്ഷാ യൂണിറ്റ് തലവൻ സയ്യിദ് മഹ്ദി മൂസവി, പൈലറ്റ്, സഹപൈലറ്റ്, സാങ്കേതിക ഉദ്യോഗസ്ഥൻ എന്നിവർ കൊല്ലപ്പെട്ടിരുന്നു.
2015-ലെ ആണവ കരാർ പ്രകാരം ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ‘സ്നാപ്ബാക്ക്’ നീക്കത്തെ തടയാൻ റഷ്യക്ക് കഴിയുമെന്ന പ്രതീക്ഷ വർധിക്കുന്നതിനിടെയാണ് മൂസ അല്‍സദറിന്റെ സഹോദരപുത്രനും പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ കീഴില്‍ മുന്‍ ഡെപ്യൂട്ടി വിദേശ മന്ത്രിയുമായ മുഹമ്മദ് സദറിന്റെ ആരോപണങ്ങൾ പുറത്തുവന്നത്. യു.എൻ. പ്രമേയം 2231-ന്റെ നടപ്പാക്കൽ നിർത്തിവയ്ക്കാൻ ഇറാനും റഷ്യയും ശനിയാഴ്ച യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആണവ നിര്‍വ്യാപന ഉടമ്പടിയിൽനിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.