തെഹ്റാന്‍ – ഇറാനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ, ദക്ഷിണ ഇറാനിലെ ഷാഹിദ് റജാഈ തുറമുഖത്ത് ശനിയാഴ്ചയുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. 800 ലേറെ പേര്‍ക്ക് പരിക്കേറ്റതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഇതുവരെ പൂര്‍ണമായും അണക്കാനായിട്ടില്ല. തുറമുഖത്ത് കണ്ടെയ്നറുകളില്‍ വീണ്ടും തീപിടിത്തമുണ്ടായതായി ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീയുടെ വലിയൊരു ഭാഗം നിയന്ത്രണവിധേയമാക്കിയതായും ബാക്കി 20 ശതമാനം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫാത്തിമ മൊഹാജറാനി പറഞ്ഞു.
ലോക എണ്ണ ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഷാഹിദ് റജാഈ തുറമുഖത്താണ് ശനിയാഴ്ച സ്ഫോടനമുണ്ടായത്. അപകടകരമായ വസ്തുക്കളും രാസവസ്തുക്കളും സൂക്ഷിക്കുന്ന സംഭരണശാലയിലുണ്ടായ തീപിടുത്തമായിരിക്കാം സ്ഫോടനത്തിന് കാരണമെന്ന് തുറമുഖത്തെ കസ്റ്റംസ് ഓഫീസ് പറഞ്ഞു.
മിസൈലുകള്‍ക്കുള്ള ഖര ഇന്ധനത്തിലെ പ്രധാന ഘടകമായ സോഡിയം പെര്‍ക്ലോറേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. സ്‌ഫോടനം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കട്ടിയുള്ള കറുത്ത പുക ഇപ്പോഴും സംഭവസ്ഥലത്തു നിന്ന് പുറത്തുവരുന്നുണ്ട്.
പരിക്കേറ്റ നൂറുകണക്കിന് ആളുകളെ സമീപത്തുള്ള മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയതായി പ്രാദേശിക എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരാന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ അധികൃതര്‍ ആഹ്വാനം ചെയ്തു. മാരകമായ സ്ഫോടനത്തിന്റെ ഇരകളോട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അനുഭാവം പ്രകടിപ്പിച്ചു. സ്‌ഫോടനത്തിന്റെ സാഹചര്യവും കാരണങ്ങളും അന്വേഷിക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടു.
ശ്വാസംമുട്ടിക്കുന്ന പുകയും വായു മലിനീകരണവും പ്രദേശമാകെ പടരുന്നതിനാല്‍ അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധികാരികളെ അനുവദിക്കാനായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദര്‍ അബ്ബാസിലെ എല്ലാ സ്‌കൂളുകളും ഓഫീസുകളും ഞായറാഴ്ച അടച്ചിടാന്‍ ഉത്തരവിട്ടതായി സ്റ്റേറ്റ് ടി.വി പറഞ്ഞു. ഷാഹിദ് റജാഈ തുറമുഖത്തെ വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഹോര്‍മോസ്ഗാന്‍ പ്രവിശ്യ ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി തലവന്‍ മെഹര്‍ദാദ് ഹസ്സന്‍സാദെ സ്റ്റേറ്റ് ടി.വിയോട് പറഞ്ഞു. ശനിയാഴ്ച ഇറാനില്‍ പ്രതിവാര പ്രവൃത്തി ദിവസങ്ങളുടെ തുടക്കമാണ്. അതുകൊണ്ടു തന്നെ തുറമുഖത്ത് ജീവനക്കാരുടെ നല്ല തിരക്കായിരുന്നു.
സ്‌ഫോടനത്തില്‍ മൂന്നു ചൈനീസ് പൗരന്മാര്‍ക്ക് നിസാര പരിക്കേറ്റതായി ചൈനയുടെ ദേശീയ മാധ്യമമായ സി.സി.ടി.വി ബന്ദര്‍ അബ്ബാസ് കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ ഏകദേശം 50 കിലോമീറ്റര്‍ അകലെ വരെ അത് അനുഭവപ്പെട്ടുവെന്നും കേട്ടുവെന്നും ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനില്‍ നിന്ന് 1,000 കിലോമീറ്ററിലധികം തെക്ക് ഷാഹിദ് റജാഈ തുറമുഖത്ത് നടന്ന സ്ഫോടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ കൊണ്ട് പരവതാനി വിരിച്ച വിശാലമായ ബൊളിവാര്‍ഡിലൂടെ രക്ഷാപ്രവര്‍ത്തകരും അതിജീവിച്ചവരും നടക്കുന്നതായി ഇറാന്‍ ന്യൂസ് ഏജന്‍സിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണിച്ചു. അടുക്കി വെച്ചിരിക്കുന്ന ഷിപ്പിംഗ് കണ്ടെയ്നറുകള്‍ക്ക് പിന്നില്‍ നിന്ന് ഉയരുന്ന കൂറ്റന്‍ കറുത്ത പുക പടലങ്ങളിലേക്ക് ഹെലികോപ്റ്ററുകള്‍ വെള്ളം ഒഴിച്ചു.
തുറമുഖത്ത് സോഡിയം പെര്‍ക്ലോറേറ്റിന്റെ അനുചിതമായ സംഭരണമാണ് സ്‌ഫോടനത്തിന് കാരണമെന്ന് സുരക്ഷാ സ്ഥാപനമായ ആംബ്രെ സൂചന നല്‍കി. കഴിഞ്ഞ വര്‍ഷം ഇറാനും ഹിസ്ബുല്ലയും ഇസ്രായിലിനെതിരെ റോക്കറ്റ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് മിസൈല്‍ ഇന്ധന ശേഖരം തീര്‍ന്നുപോയതിനാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചൈന ഇറാനിലേക്ക് സോഡിയം പെര്‍ക്ലോറേറ്റ് കയറ്റി അയച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിക്കുകയും യു.എ.ഇ ഇറാനുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇററാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ക്കായി ഇറാനിയന്‍, അമേരിക്കന്‍ പ്രതിനിധികള്‍ ഒമാനില്‍ യോഗം ചേര്‍ന്ന സമയത്തും ചര്‍ച്ചകളില്‍ ഇരുപക്ഷവും പുരോഗതി റിപ്പോര്‍ട്ട് ചെയ്ത സമയത്തുമാണ് സ്‌ഫോടനമുണ്ടായത്.
ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. കഴിഞ്ഞ വര്‍ഷം ഇറാനിലെ എണ്ണയുടെ ഒരു പ്രധാന ഭാഗത്തിന് പുറമേ, രാജ്യത്തെ കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഗതാഗതത്തിന്റെ 85 ശതമാനം കൈകാര്യം ചെയ്തത് ഇവിടെ നിന്നാണെന്ന് പോര്‍ട്‌സ് ആന്റ് മാരിടൈം ഓര്‍ഗനൈസേഷന്‍ പറയുന്നു. വിഷാംശം നിറഞ്ഞ വായു മലിനീകരണം ചൂണ്ടിക്കാട്ടി ഇറാന്‍ ആരോഗ്യ മന്ത്രാലയം ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനാലകള്‍ അടച്ചിടാനും വീടിനുള്ളില്‍ തന്നെ തുടരാനും മാസ്‌ക് ധരിക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.