സൈലൻസ് ഫോർ ഗസ്സ എന്ന ആഗോള സംഘടനയുടെ നേതൃത്വത്തിൽ ഇന്നുമുതൽ ഒരാഴ്ചത്തേക്ക് ഇന്റർനെറ്റിൽ മൗനം പാലിക്കാൻ ഒരുങ്ങി ലോകം. ഗസ്സയിൽ മരിച്ചു വീഴുന്ന കുരുന്നുകൾക്കായി ലോകം മുന്നിട്ടിറങ്ങും. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് 30 മിനിറ്റ് പൂർണമായി ഇന്റർനെറ്റ് വിച്ഛേദിക്കലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും പിന്തുണക്കുന്നവരും.
വെറും 30 മിനിറ്റ് നേരം നീണ്ടു നിൽക്കുന്ന സംഘടിതമായ ഇന്റെർനെറ്റ് മൗനം അൽഗോരിതങ്ങളെ തകരാറിലാക്കും എന്നാണ് സൈലൻസ് ഫോർ ഗസ്സയുടെ അണിയറയിലുള്ളവർ വിശ്വസിക്കുന്നത്. ഗസ്സക്കെതിരായുള്ള ലോകത്തിന്റെ മൗനവും നിഷ്ക്രിയത്വത്തിനെതിരായി ഒരു പൗരന് പ്രതിഷേധിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണിതെന്നും അണിയറയിലുള്ളവർ കൂട്ടിചേർക്കുന്നു.
ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പ്രദേശിക സമയം രാത്രി 9 മണി മുതൽ 9:30 വരെ എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കൾ പൂർണമായി ഇന്റെർനെറ്റിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പിന്നണിയിലുള്ളവർ ആവശ്യപ്പെടുന്നത്. ഈ സമ്പൂർണമായുള്ള സംഘടിത നിശബ്ദത അൽഗോരിതങ്ങളെ തകരാറിലാക്കും. ആവശ്യമെങ്കിൽ ഫോണിൽ അലാം സെറ്റ് ചെയ്ത് കൃത്യമായ സമയത്ത് ഇന്റർനെറ്റ് വിച്ഛേദിക്കാനും കാമ്പയിൽ പ്രചാരകർ നിർദേശിക്കുന്നു. ഈ ഇടവേളയിൽ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴി അവർ പറയുന്നുണ്ട്.
*സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക.
*സന്ദേശങ്ങളില്ല.
*കമന്റുകളില്ല.
*ഫോണുകളും കമ്പ്യൂട്ടറുകളും ഓഫാക്കി വക്കുക.
അസാധാരണമായ വിധത്തിൽ ഉള്ള ഇന്റർനെറ്റ് ഉപയോഗത്തെ പറ്റി സെർവറിലേക്ക് മെസ്സേജ് ചെയ്യുകയും ദൃശ്യമായ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും തത്സമയ ട്രാഫിക് സ്ഥിതി വിവര കണക്കുകളെ ഇത് ബാധിക്കുകയും ചെയ്യും. അൽഗോരിതങ്ങൾ തകരാറിലാകുക എന്നത് കൊണ്ട് ഇവയാണ് ഉദ്ദേശിക്കുന്നത്.
ഒരു രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവറ്റിയെ കുറിച്ച് രാജ്യത്തിന് അറിയാൻ സാധിക്കും. പെട്ടെന്ന് ഉണ്ടാകുന്ന വൻ ഇടിവ് ശ്രദ്ധയിൽ പെടുകയും രാജ്യത്തെ ജനങ്ങൾ ഗാസക്ക് അനുകൂലമാണെന്നുമുള്ള വസ്തുത രാഷ്ട്ര തലവന്മാരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.
ഇതിനെല്ലാമപ്പുറം, ചരിത്രത്തിലെ ആദ്യത്തെ തത്സമയമായി സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ നാം എന്ത് ചെയ്തു എന്നതിനെ പറ്റി ഓരോ വ്യക്തിക്കും കുറ്റബോദമില്ലാതിരിക്കാനും ഓരോ വ്യക്തിക്കും ആത്മ സംതൃപ്തി നൽകാൻ സഹായിക്കും ചേതമില്ലാത്ത ഈ പിന്തുണ അർപ്പിക്കുന്നതുവഴി സഹായകമാകും.