വാഷിംഗ്ടണ്‍ – ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള യു.എസ് സൈനിക താവളങ്ങള്‍ക്ക് മാരകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വിവരങ്ങള്‍ അടിസ്ഥാനമാക്കി പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും മറ്റു സൈനിക ഉപകരണങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. ജൂണ്‍ 30 വരെയുള്ള ഓപ്പറേഷനുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും തകര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് 18.4 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും ഇതില്‍ ഭൂരിഭാഗവും ഇറാഖിലാണെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.
ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
എഫ്-15ഇ യുദ്ധവിമാനങ്ങള്‍, കെ.സി-135 ഏരിയല്‍ റീഫ്യൂവലിംഗ് ടാങ്കറുകള്‍ (ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്ന വിമാനങ്ങള്‍), എം.ക്യു-9 ഡ്രോണുകള്‍ എന്നിവ കേടുപാടുകള്‍ സംഭവിച്ച സൈനിക ആസ്തികളില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 30 വരെയുള്ള കാലത്ത് ആകെ 52 വിമാനങ്ങളും ഡ്രോണുകളും പൂര്‍ണ്ണമായും തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. സംഘര്‍ഷത്തിനിടെ യു.എസ് ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത് ചിലതരം വെടിക്കോപ്പുകളുടെ ക്ഷാമത്തിന് കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഫെബ്രുവരി 28 ന് ഇറാനെതിരെ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ഏഴ് മാസത്തോളം നീണ്ടുനിന്നു. യു.എസ് ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, കുറഞ്ഞത് 18 യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍ ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങളും ഡസന്‍ കണക്കിന് വിമാനങ്ങളും ഇറാന്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.
എഫ്-15ഇ ഇനത്തില്‍ പെട്ട നാലു വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതില്‍ മൂന്നെണ്ണം സൗഹൃദ വെടിവെപ്പിലും ഒന്ന് ശത്രുവിന്റെ ആക്രമണത്തിലുമാണ് തകര്‍ന്നത്. എഫ്-35എ ഇനത്തില്‍ പെട്ട ഒരു വിമാനത്തിന് ഇറാന് മുകളില്‍ വെച്ച് ശത്രുവിന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. എ-10 ഇനത്തില്‍ പെട്ട വിമാനം ഇറാന്‍ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനു വേണ്ടിയുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ക്കപ്പെട്ടു. കെ.സി-135 ഇനത്തില്‍ പെട്ട ഏഴ് ഏരിയല്‍ റീഫ്യൂവലിംഗ് ടാങ്കറുകള്‍ കേടാവുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു. ഇറാഖിനു മുകളില്‍ വെച്ച് കൂട്ടിയിടിച്ച് വിമാനങ്ങളില്‍ ഒന്ന് കേടാവുകയും മറ്റൊന്ന് തകരുകയും ചെയ്തു. സൗദി വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചെണ്ണം കേടാവുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു. ഇ-3 എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പെട്ട ഒരു വിമാനത്തിന് സൗദിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. എച്ച്.എച്ച്-60 ഡബ്ലിയു ഇനത്തില്‍ പെട്ട ഒരു ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനു വേണ്ടിയുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടുകള്‍ സംഭവിച്ചു. എം.ക്യു-4സി ഇനത്തില്‍ പെട്ട ഡ്രോണ്‍ തകര്‍ന്നുവീണു. എ.എച്ച്-6 ഇനത്തില്‍ പെട്ട നാലു ഹെലികോപ്റ്ററുകള്‍ ഇറാന്‍ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനു വേണ്ടിയുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ക്കപ്പെട്ടു. എ.എച്ച്-64 ഇനത്തില്‍ പെട്ട ഒരു ഹെലികോപ്റ്റര്‍ വെടിവെച്ച് വീഴ്ത്തപ്പെട്ടു. എം.എച്ച്-60 ഇനത്തില്‍ പെട്ട ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ തകര്‍ന്നുവീണു. എം.ക്യു-9 ഇനത്തില്‍ പെട്ട 30 എണ്ണം യുദ്ധത്തിനിടെ തകര്‍ക്കപ്പെട്ടതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള യുദ്ധത്തിന് ശേഷം ആയുധശേഖരം പുനഃസ്ഥാപിക്കുന്നതില്‍ തടസ്സങ്ങളും വെടിക്കോപ്പുകളുടെ ക്ഷാമവും യുഎസ് സൈന്യം നേരിടുന്നതായി പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു. യു.എസ് ആയുധശേഖരം ഏതാണ്ട് പരിധിയില്ലാത്തതാണ് എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ റിപ്പോര്‍ട്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിരോധ വകുപ്പ് വെടിക്കോപ്പുകള്‍ക്കായി 22 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായും, ഇത് തന്ത്രപ്രധാനമായ ആയുധ ശേഖരത്തില്‍ കുറവുണ്ടാക്കിയെന്നും പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി. ആയുധങ്ങള്‍ വിതരണം ചെയ്യുന്ന വ്യവസായ ശൃംഖലയിലുള്ള തടസ്സങ്ങളും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഇറാനുമായുള്ള സംഘര്‍ഷം മൂലം 2026 ഓഗസ്റ്റ് ഒന്നോടെ അമേരിക്കക്ക് ഏകദേശം 38 ബില്യണ്‍ ഡോളര്‍ ചെലവ് വന്നതായി നിഷ്പക്ഷ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി അവസാനം മുതല്‍ ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, പ്രതിരോധ വകുപ്പിന് ഏകദേശം 38 ബില്യണ്‍ ഡോളര്‍ ചെലവ് വന്നതായി സി.ബി.ഒ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുകയാണെങ്കില്‍, അക്രമത്തിന്റെ തീവ്രതയനുസരിച്ച് പ്രതിമാസ ചെലവ് 2 മുതല്‍ 3 ബില്യണ്‍ ഡോളര്‍ വരെയോ അതില്‍ കൂടുതലോ ആകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.







