ഗാസ – ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്‍വാന്‍ അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
സ്‌ഫോടന ശബ്ദം കേട്ട് ഞാന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. മര്‍വാനും ഭാര്യയും പെണ്‍മക്കളും മരുമകന്‍ മുഹമ്മദും എല്ലാവരും രക്തസാക്ഷികളായി കിടക്കുന്നത് ഞാന്‍ കണ്ടു – ഇവരുടെ ബന്ധുവായ അഹ്മദ് അല്‍സുല്‍ത്താന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ വൈദ്യശാസ്ത്രത്തിനും രോഗികളെ ചികിത്സിക്കാനുള്ള പോരാട്ടത്തിനുമായി സമര്‍പ്പിച്ചിരുന്നതായി ആക്രമണത്തില്‍ അതിജീവിച്ച ഡോക്ടറുടെ മകള്‍ ലുബ്ന അല്‍സുല്‍ത്താന്‍ എ.എഫ്.പിയോട് പറഞ്ഞു. അദ്ദേഹത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതിന് ഒരു ന്യായീകരണവുമില്ല – ലുബ്‌ന പറഞ്ഞു.
അതേസമയം, ഗാസ സിറ്റി പ്രദേശത്തെ ഹമാസ് ഭീകര സംഘടനയിലെ പ്രമുഖ തീവ്രവാദിയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇസ്രായിലിനെതിരായ ആക്രമണത്തില്‍ പങ്കില്ലാത്ത സാധാരണക്കാര്‍ക്ക് പരിക്കേറ്റു എന്ന വാദം അന്വേഷിക്കുകയാണെന്നും സൈന്യം പറഞ്ഞു.
രക്തസാക്ഷികളായ ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബൂസല്‍മിയ പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത വിധം അദ്ദേഹത്തിന്റെ മുഖം ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും മുഹമ്മദ് അബൂസല്‍മിയ പറഞ്ഞു. ഗാസ ആരോഗ്യ മന്ത്രാലയം ഹീനമായ കുറ്റകൃത്യത്തെ അപലപിക്കുകയും അതിനെ യുദ്ധക്കുറ്റം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മെഡിക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കെതിരായ ഓരോ കുറ്റകൃത്യവും ഇസ്രായിലിന്റെ രക്തരൂക്ഷിതമായ രീതിശാസ്ത്രത്തെയും അവരെ നേരിട്ടും മനഃപൂര്‍വം ലക്ഷ്യം വെക്കാനുള്ള മുന്‍കൂട്ടി തയാറാക്കിയ ഉദ്ദേശ്യത്തെയും സ്ഥിരീകരിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ ഇന്തോനേഷ്യന്‍ ആശുപത്രി ഇസ്രായില്‍ സൈന്യം ആവര്‍ത്തിച്ച് ഉപരോധിക്കുകയും ഡോ. മര്‍വാന്‍ അല്‍സുല്‍ത്താനെ ഒന്നിലധികം തവണ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇസ്രായില്‍ ആക്രമണത്തില്‍ പാടെ തകര്‍ന്ന ഇന്തോനേഷ്യന്‍ ആശുപത്രി ഇപ്പോള്‍ നിശ്ചലമാണ്. ഡോ. മര്‍വാന്‍ അല്‍സുല്‍ത്താന്റെയും കുടുംബാംഗങ്ങളുടെയും മയ്യിത്തുകള്‍ നിരവധി പേരുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു. ഗാസയിലെ ഒരു താല്‍ക്കാലിക ഖബര്‍സ്ഥാനിലാണ് അവരെ അടക്കം ചെയ്തതെന്ന് കുടുംബാംഗം എ.എഫ്.പിയോട് പറഞ്ഞു.