ജക്കാർത്ത – യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പിന്തുണച്ച് ഇന്തോനേഷ്യ 8,000 ഓളം സൈനികരെ ഗാസയിലേക്ക് അയക്കാൻ തയ്യാറെടുക്കുന്നു. ട്രംപിന്റെ സമാധാന പദ്ധതിയെ പിന്തുണച്ച് ഗാസയിലേക്ക് സൈന്യത്തെ അയക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ആദ്യ രാജ്യമായി ഇന്തോനേഷ്യ മാറി. ഗാസയിലും മറ്റ് സംഘർഷ മേഖലകളിലും വിന്യസിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്തോനേഷ്യ സൈനികർക്ക് പരിശീലനം നൽകാൻ ആരംഭിച്ചതായി ഇന്തോനേഷ്യൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മരുലി സിമാൻജുൻതക് അറിയിച്ചു. ഇത് ഒരു ബ്രിഗേഡ് വലുപ്പത്തിലുള്ള സേനയായിരിക്കാം. ഒരുപക്ഷേ 5,000 മുതൽ 8,000 വരെ സൈനികരുണ്ടാകും. പക്ഷേ, എല്ലാ കാര്യങ്ങളും ഇപ്പോഴും ചർച്ചയിലാണ്. ഇതുവരെ ഗാസയിലേക്ക് അയക്കുന്ന സൈനികരുടെ അന്തിമ എണ്ണം നിർണയിച്ചിട്ടില്ല. സൈനികർക്ക് നൽകുന്ന പരിശീലനം മാനുഷിക, പുനർനിർമ്മാണ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ട്രംപ് ബഹുരാഷ്ട്ര സമാധാന സേനയായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സിന്റെ ഭാഗമായി ഇന്തോനേഷ്യൻ സൈനികരെ വിന്യസിക്കുമെന്നും ജനറൽ മരുലി സിമാൻജുൻതക് പറഞ്ഞു.
ഗാസയിൽ വിന്യസിക്കാനിരിക്കുന്ന അന്താരാഷ്ട്ര സേനയുടെ അധികാരവും ഘടനയും വ്യക്തമല്ല. ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പ്രദേശങ്ങളിൽ, ഗാസ മുനമ്പിന്റെ ചില ഭാഗങ്ങളെ വേർതിരിക്കുന്ന യെല്ലോ ലൈനിന് സമീപത്തായി അന്താരാഷ്ട്ര സേനയെ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കാനും ഗാസയിൽ നിന്ന് ഇസ്രായിലി സൈന്യത്തെ പിൻവലിക്കാനും ലക്ഷ്യമിടുന്ന സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന് അന്താരാഷ്ട്ര സേനയുടെ വിന്യാസം നിർണായക ഘടകമായി കണക്കാക്കപ്പെടുന്നു. എന്നാൽ അമേരിക്കയുടെ നിരവധി സഖ്യകക്ഷി രാജ്യങ്ങൾ അന്താരാഷ്ട്ര സേനയിൽ പങ്കാളിത്തം വഹിക്കാൻ വിസമ്മതിക്കുന്നതിനാൽ, സൈന്യത്തെ അയക്കാൻ തയ്യാറുള്ള രാജ്യങ്ങളെ ഒരുമിച്ചുകൂട്ടൽ അമേരിക്കക്ക് ബുദ്ധിമുട്ടാണ്. സൈന്യത്തെ അയക്കാൻ തയ്യാറാകുന്ന രണ്ടാമത്തെ രാജ്യമായി മൊറോക്കോ മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഇന്തോനേഷ്യയുടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്താനും ആഗോള നയതന്ത്രത്തിൽ ഏർപ്പെടാനും ശ്രമിക്കുന്ന സമയത്താണ് ഗാസയിലേക്ക് സൈനികരെ അയക്കുമെന്ന ഇന്തോനേഷ്യയുടെ പ്രഖ്യാപനം. ലോകമെമ്പാടും സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കാനുള്ള വിശാലമായ ദൗത്യങ്ങളോടെ ട്രംപ് സ്ഥാപിച്ചതും അധ്യക്ഷനുമായ സമാധാന ബോർഡിൽ ചേരാൻ ഇന്തോനേഷ്യയും സമ്മതിച്ചിട്ടുണ്ട്. ട്രംപിന്റെ സമാധാന ബോർഡ് സ്ഥാപനം ഐക്യരാഷ്ട്രസഭയുടെ പങ്കിനെ വെല്ലുവിളിക്കാൻ സാധ്യതയുള്ള നീക്കമായി ചിലർ കരുതുന്നു.
ഗാസയിലേക്കും മറ്റ് സംഘർഷ മേഖലകളിലേക്കും 20,000 സൈനികരെ വരെ അയക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ പ്രബോവോ പ്രഖ്യാപിച്ചിരുന്നു. വളരെക്കാലമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി വാദിക്കുന്ന ഇന്തോനേഷ്യ, ഇസ്രായിലുമായി ഇതുവരെ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. എന്നാൽ, ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രബോവോ കഴിഞ്ഞ വർഷം പ്രസ്താവിച്ചു. ഇത് ഇസ്രായിലുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യ നിലപാട് മയപ്പെടുത്താൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. ദ്വിരാഷ്ട്ര പരിഹാരം സാധ്യമായാൽ ഇന്തോനേഷ്യ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.



