അമേരിക്കയിൽ പഠിക്കുക എന്നത് ഒരുകാലത്ത് പലരുടെയും സ്വപനമായിരുന്നു. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ അമേരിക്കയുടെ സ്ഥാനം വളരെ വലുതായിരുന്നു. എന്നാൽ, സമീപകാല കണക്കുകൾ പരിശോധിച്ചാൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ അമേരിക്കയോടുള്ള ആകർഷണം കുറയുകയാണെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എസിലേക്ക് ഉന്നത പഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 44 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തിന് ശേഷമുണ്ടായ ഇടിവിലും താഴെയാണിത്. ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, ഈ വർഷം ഓഗസ്റ്റിൽ അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 41,540 ആണ്. 2021ൽ 56,000 ഇന്ത്യക്കാരാണ് സ്റ്റുഡന്റ് വിസയിൽ യു.എസിലെത്തിയത്. 2022ൽ ആ കണക്ക് 80,486 വർധിച്ചു. 2023ൽ 93,833 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലെത്തിയത്. എന്നാൽ 2024 ആഗസ്റ്റിൽ വിദ്യാർഥികളുടെ എണ്ണം 74,825 ആയി കുറയുകയാണ് ചെയ്തത്.
ട്രംപ് ആദ്യമായി അമേരിക്കൻ പ്രസിഡന്റായ 2017ൽ 41,192 ഇന്ത്യൻ വിദ്യാർഥികളാണ് ഉന്നത പഠനത്തിനായി പോയത്. 2018 ആയപ്പോഴേക്കും വിദ്യാർഥികളുടെ എണ്ണം അതിലും കുറഞ്ഞു. വിസ കാലതാമസം, പഠനാനന്തര ജോലി അവസരങ്ങളുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം, പുതിയ യാത്രാ നിയന്ത്രണങ്ങൾ എന്നിവയെല്ലാം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവിനെ പിന്നോട്ടടുപ്പിച്ചു. അതിനെല്ലാമുപരി ട്രംപ് ഏർപ്പെടുത്തിയ കടുത്തനിയന്ത്രണങ്ങൾ വലിയ തോതിൽ ബാധിച്ചു.
ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ നിരവധി വിദ്യാർഥികളുടെ വിസ യു.എസ് റദ്ദാക്കിയിട്ടുണ്ട്. പല കാരണങ്ങളുടെയും പേരിൽ യു.എസിലെ തന്നെ പ്രമുഖ സർവകലാശാലകളുടെതടക്കം ഫണ്ടിംങ് ട്രംപ് ഭരണകൂടം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. കൂടാതെ എല്ലാ വിദേശ അപേക്ഷകരെയും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും തുടങ്ങി. മാത്രമല്ല വിദേശികളായ സ്കിൽഡ് പ്രൊഫഷണലുകൾക്ക് യുഎസ് നൽകുന്ന എച്ച്1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയത് അമേരിക്കയിൽ ജോലി തേടുന്ന വിദേശ ബിരുദധാരികൾക്ക് തിരിച്ചടിയായി. യുഎസിൽ പഠിച്ച് എച്ച്1ബി വിസയിൽ ജോലി നേടാൻ ആഗ്രഹിച്ച വിദ്യാർഥികൾക്കും ഫീസ് വർധന കനത്ത പ്രഹരമായി. ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്ക എന്ന സ്വപ്നവും നിലക്കുന്നു.