ന്യൂജഴ്‌സി: യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്‌ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്‌സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്‌സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.
2019 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ റിതേഷ് 31,000-ലധികം ഓക്‌സികോഡോണ്‍ കുറിപ്പടികള്‍ നല്‍കി, ചില ദിവസങ്ങളില്‍ 50-ലധികം കുറിപ്പടികള്‍ എഴുതിയതായി രേഖകള്‍ വ്യക്തമാക്കുന്നു. റിതേഷ് ലൈംഗികമായി സമീപിച്ചതായും, കുറിപ്പടികള്‍ക്ക് പകരമായി ലൈംഗിക ബന്ധം ആവശ്യപ്പെട്ടതായും വനിതാ രോഗികള്‍ പരാതിയുമായി രംഗത്തെത്തി. ചികിത്സാ വേളകളില്‍ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഒരു പരാതിക്കാരി വെളിപ്പെടുത്തി.
വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് മെഡിക്കെയ്ഡിനെ തട്ടിച്ചതായും ആരോപണമുണ്ട്. ഇലക്ട്രോണിക് മെഡിക്കല്‍ രേഖകളില്‍ വ്യാജമായ തീയതികളും ഒരേ തരത്തിലുള്ള പരിശോധനാ കുറിപ്പുകളും രേഖപ്പെടുത്തിയിരുന്നു, അവയില്‍ അടിസ്ഥാന വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.
”വൈദ്യശാസ്ത്രം ഒരു ഉത്തരവാദിത്തമുള്ള തൊഴിലാണ്. എന്നാല്‍, ഡോ. കല്‍റ തന്റെ ലൈസന്‍സ് ലഹരിമരുന്ന് വിതരണത്തിനും, രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനും, തട്ടിപ്പിനും ദുരുപയോഗം ചെയ്തു. ഇത്തരം പ്രവൃത്തികള്‍ നിയമലംഘനം മാത്രമല്ല, രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തു,” യുഎസ് അട്ടോര്‍ണി അലിന ഹബ്ബാ പറഞ്ഞു. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന റിതേഷിന്റെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും ക്ലിനിക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.