ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ നൂർഖാൻ വ്യോമകേന്ദ്രത്തിലേക്ക് ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം. പാക്കിസ്ഥാനിലെ റാവൽ പിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. എയർ-ടു-സർഫസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പാകിസ്ഥാന് പ്രധാന വ്യോമ ആസ്തികൾ നഷ്ടപ്പെട്ടു, എന്നാൽ, ആക്രമണത്തിൽ ആളപായമോ ഭൗതിക നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.
ഇന്ത്യൻ ആക്രമണത്തിനെതിരായ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രതികാരം ആരംഭിച്ചതായി പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു. ഇന്ത്യൻ ആക്രമണത്തിനെതിരെ പാകിസ്ഥാൻ സൈന്യം പ്രത്യാക്രമണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പിടിവി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് പാകിസ്ഥാൻ വ്യോമസേനാ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.
പാക്കിസ്ഥാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. 2025 മെയ് 10 ന് പ്രാദേശിക സമയം പുലർച്ചെ 3:15 നും ഉച്ചയ്ക്ക് 12:00 നും ഇടയിൽ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിടുമെന്നാണ് പ്രഖ്യാപനം. വ്യോമതാവളങ്ങൾക്ക് സമീപം ഉണ്ടായ സ്ഫോടനങ്ങളെ തുടർന്നാണ് തീരുമാനം. റാവൽപിണ്ടിയിൽ അടുത്തിടെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇസ്ലാമാബാദ് വിമാനത്താവളത്തിലെ വിമാന ഷെഡ്യൂൾ തടസ്സപ്പെട്ടിരുന്നു. ഇസ്ലാമാബാദ് വിമാനത്താവളത്തിൽ നിന്നുള്ള ദേശീയ, സ്വകാര്യ വിമാനക്കമ്പനികളുടെ പുറപ്പെടലുകളും വൈകി. നിലവിൽ, ഇസ്ലാമാബാദിന്റെ വ്യോമാതിർത്തിക്കുള്ളിൽ ഒരു വിമാനവും സർവീസ് നടത്തുന്നില്ല. ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിലെ സർവീസുകളെയും പ്രതികൂലമായി ബാധിച്ചു. വെള്ളിയാഴ്ച, ആക്രമണത്തിനിടെ പാകിസ്ഥാൻ വ്യോമാതിർത്തി തുറന്നിട്ടതിനെ ഇന്ത്യ വിമർശിച്ചിരുന്നു. അടിയന്തര പ്രത്യാക്രമണം തടയാൻ സിവിലിയൻ വിമാനങ്ങൾ മറയായി ഉപയോഗിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചുവെന്ന് എന്നായിരുന്നു ഇന്ത്യയുടെ ആരോപണം.
അതിനിടെ, ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും സംഘർഷം ഉടൻ ലഘൂകരിക്കണമെന്നും ജി-7 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമാധാനപരമായ ഒരു ഫലത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തിൽ ഏർപ്പെടണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. അതിനിടെ, തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ ആക്രമണം നടത്തി. തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്തുന്നതിനാൽ ദാൽ തടാകവും സമീപ പ്രദേശങ്ങളും ബ്ലാക്കൗട്ടിലാണ്. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്നലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ആക്രമണം നടത്താൻ ഉപയോഗിച്ച ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയിരുന്നു. ഈ ഡ്രോണുകളുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്.