തെഹ്റാൻ- ഇറാന്റെ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘം ലീഡറുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. എണ്ണ വിൽപ്പനയിൽ നിന്ന് ഇറാനെ തടയുന്ന നയം തുടരുന്നതിനെ ശക്തമായി എതിർത്ത അദ്ദേഹം, തങ്ങൾക്ക് എണ്ണ വിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റാർക്കും അതിന് കഴിയില്ലെന്ന് സ്റ്റേറ്റ് ടെലിവിഷനിലൂടെ വ്യക്തമാക്കി.
അതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബി രംഗത്തെത്തി. ട്രംപ് അമേരിക്കൻ ജനതയോട് സത്യം പറയണമെന്നും ഇറാന് എതിരായ സൈനിക നീക്കത്തിൽ യു.എസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഹോർമൂസ് കടലിടുക്കിലെ യഥാർത്ഥ സാഹചര്യം നേരിട്ട് കണ്ടുമനസ്സിലാക്കാൻ അമേരിക്കക്കാർക്ക് തെഹ്‌റാൻ സന്ദർശിക്കാമെന്നും, ഇതിനുള്ള യാത്രാച്ചെലവുകൾ ഇറാൻ വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, ആണവ വിഷയത്തിൽ ഇളവുകൾ നൽകിയാൽ ഉപരോധങ്ങൾ നീക്കാമെന്ന വാഗ്ദാനം നൽകിയെന്ന വാർത്തകൾ ട്രംപ് നിഷേധിച്ചു. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ആക്രമണം അവസാനിപ്പിക്കൽ, ഇറാൻ ആസ്തികൾ വിട്ടുകിട്ടൽ, എണ്ണ ഉപരോധവും നാവിക ഉപരോധവും പിൻവലിക്കൽ എന്നിവ മുൻനിർത്തി ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതി കഴിഞ്ഞ ശനിയാഴ്ച ട്രംപ് തള്ളിക്കളഞ്ഞിരുന്നു.
മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തുപോകാൻ അമേരിക്ക നിർബന്ധിതമാകും: മുജ്തബ ഖാംനഇ
എങ്കിലും മേഖലയിലെ മധ്യസ്ഥ ശ്രമങ്ങൾ സജീവമായി തുടരുകയാണ്. ഖത്തർ പ്രതിനിധി സംഘം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി കൂടിക്കാഴ്ച നടത്തി ഇറാന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചു. വിഷയത്തിൽ യു.എസിന്റെ മറുപടി ഉടൻ പ്രതീക്ഷിക്കുന്നതായി അബ്ബാസ് അറാഖ്ജി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി, സെപ്റ്റംബറിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി പ്രതിദിനം 16.328 ദശലക്ഷം ബാരലായി ഉയർന്നതായി കെപ്ലർ ഡാറ്റ വെളിപ്പെടുത്തുന്നു. ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതാണ് ഈ വീണ്ടെടുക്കലിന് കാരണമായത്.







