ജക്കാർത്ത- മതങ്ങളുടെ അടിസ്ഥാന തത്വം സമാധാനമാണെന്നും എല്ലാ മത വിഭാഗത്തിൽ പെട്ട ആളുകളും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാനാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ കൗൺസിൽ ഓഫ് ഏഷ്യ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ഡോ. ഹുസൈൻ മടവൂർ പ്രബന്ധം അവതരിപ്പിച്ചു. എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അന്തസ്സത്ത സമാധാനമാണ്. ഇസ്ലാം എന്ന പദത്തിന്റെ അർഥം തന്നെ സമാധാന മാർഗം എന്നാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെല്ലാവരും ശ്രദ്ധിക്കണമെന്നും മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോഓഡിനേറ്റർ കൂടിയായ അദ്ദേഹം വിശദികരിച്ചു.
വർഗീയതയും തീവ്രവാദവും ഭീകരതയും മതവിരുദ്ധമാണ്. മനുഷ്യന്റെ മഹത്വം ഉയർത്തി പിടിക്കാൻ മതത്തിന്നതീതമായി മനുഷ്യർ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ വിവിധ വിഭാഗങ്ങളിലെ പണ്ഡിതൻമാർ സംസാരിച്ചു.
സമ്മേളനം ബുധനാഴ്ച സമാപിക്കും. കേരളത്തിൽ നിന്നും സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, റവ. ഡോക്ടർ ജോഷ്വാ മാർ ഇഗ്നേഷ്യസ്, റവ. മാർ അപ്രേം സക്കറിയാസ് മെത്രാപ്പോലീത്ത തുടങ്ങിയവരും ഈ ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്തോനേഷ്യൻ മത കാര്യ വകുപ്പ് മന്ത്രി നാസിറുദ്ദീൻ ഒമർ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കായി മത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുൾപ്പെടെ പന്ത്രണ്ട് ഏഷ്യൻ രാഷ്ട്രങ്ങളിൽ നിന്നുള്ള എഴുപതോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.