റിയോ ഡി ജനീറോ- വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളുമായി കഴിയുന്ന എല്ലാവരും മനുഷ്യരാണെന്ന യാഥാർത്ഥ്യം അംഗീകരിക്കുകയും ഏകമാനവികയുടെ മഹദ് സന്ദേശം ഉയർത്തിപ്പിടിച്ച് ജീവിക്കുകയും ചെയ്യണമെന്നും ബ്രസീലിൽ ആരംഭിച്ച ആഗോള ഇസ്‌ലാമിക ഉച്ചകോടി ആഹ്വാനം ചെയ്തു. പത്ത് ബ്രിക്സ് അംഗരാഷ്ട്രങ്ങൾക്ക് പുറമെ അമ്പത്തിയേഴ് മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ സൗദി അറേബ്യയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ ( ഒ ഐ സി ) പ്രതിനിധികളും ഉച്ച കോടിയിൽ പങ്കെടുക്കുന്നുണ്ട്.
ബ്രിക്സ് അംഗരാഷ്ട്രമായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്ലാമിക പണ്ഡിതൻ ഡോ.ഹുസൈൻ മടവൂർ ബഹുസ്വര സമൂഹത്തില മതജീവിതം എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു. വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളും നിരവധി ഭാഷകളുമുള്ള ഇന്ത്യ സഹസ്രാബ്ദങ്ങളായി ബഹുസ്വരതയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്നും തൻ്റെ ജന്മനാടായ കേരളം മത സാഹോദര്യത്തിൽ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിംകളും മറ്റുള്ളവരും സ്നേഹബഹുമാനങ്ങൾ കാത്തുസൂക്ഷിച്ച് കൊണ്ട് വളരെ സാഹോദര്യത്തിലാണ് ജീവിച്ച് പോരുന്നതെന്നും അത് ലോകത്തിന് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ മുസ്‌ലിം റിലീജ്യസ് ബോർഡ് ഡെപ്യുട്ടി ചെയർമാൻ ഡോ. റോഷൻ അബ്ബാസോവ് ആദ്ധ്യക്ഷത വഹിച്ചു. യു എ ഇ യിലെ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് ചാൻസലർ ഡോ. ഖലീഫ മുബാറക് അൽ ദൗസരി മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് മുസ്‌ലിം അസോസിയേഷൻസ് ബ്രസീൽ പ്രസിഡൻ്റ് ഡോ. അലി ഹുസൈൻ സുഗ്ബി, ഡോ.ഇബ്റാഹിം നജും, സെക്രട്ടരി ജനറൽ വേൾഡ് ഫത് വാ അഥോറിറ്റി ഈജിപ്ത്,
ഹുജ്ജത്തുൽ ഇസ്ലാം ഡോ. മുഹമ്മദ് മഹ്ദി ഈമാനീപൂർ,ഡെപ്യൂട്ടി മിനിസ്റ്റർ ഓഫ് കൾചർ ആൻ്റ് ഇസ്ലാമിക് ഗൈഡൻസ് ഓഫ് ഇറാൻ, ഡോ.ഖമറുദ്ദീൻ അമീൻ, സെക്രട്ടരി ജനറൽ മിനിസ്ട്രി ഓഫ് റിലീജ്യസ് അഫേഴ്സ് ഇന്തോനേഷ്യ, ഡോ. മുഹമ്മദ് അബ്ദുല്ലാ അലി, ട്രെൻ്റ് റിസർച്ച് അക്കാദമി യു എ ഇ, നൂറുദ്ദീൻ ഖൊലിക് നസർ ,
ചെയർ ഉസ്ബകിസ്ഥാൻ മുസ്‌ലിം ബോർഡ്, ഡോ. നുട്ടോറി ജൂസ്സിപ് , ചെയർമാൻ സോഷ്യൽ ആൻ്റ് കൾചറൽ ഡെവലപ്മെൻ്റ് ആൻ്റ് സയൻസ് കമ്മിറ്റി ഓഫ് സെനററ് ഓഫ് ഖസാകിസ്ഥാൻ, ഡോ മിൻ ചാങ്, ഇൻ്റർനാഷനൽ ഡിപാർട്ട്മെൻ്റ് ഓഫ് ചൈന ഇസ്ലാമിക് അസോസിയേഷൻ, ഡോ. അർഷാദ് മുഹമ്മദ്, റിപബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, ഡോ. അൻവർ മുസ്തഫ മഹ്‌മൂദ്, ചീഫ് എത്യോപ്യൻ ഇസ്ലാമിക് അഫേഴ്സ് എന്നിവരും പങ്കെടുത്തു. ഇസ്ലാമിക സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരയിൽ പെട്ടവരും വിവിധ ആശയ ഗതിക്കാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അക്രമത്തെ അപലപിക്കുകയും അന്താരാഷ്ട്രസമൂഹം ഫലസ്തീനിൽ യുദ്ധമവസാനിപ്പിക്കാൻ വേണ്ടത് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ബ്രസീലിലെ പ്രമുഖ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് റവറണ്ട് ഡാനിയൽ റാൻഗെൽ, ബ്രസീൽ ആംഗ്ലീക്കൻ ചർച്ച്, ഫാദർ നെൽസൺ അഗസ്റ്റോ ആഗുല, ബ്രസീൽ കത്തോലിക്കാ ചർച്ച്, പാസ്റ്റർ ജോസ് റൊബെർട്ടോ കവൽകൻ്റെ, ബ്രസീൽ യുണൈറ്റഡ് പ്രെസ്ബൈ റ്റേറിയൻ ചർച്ച് തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു. ക്രൈസ്തവരും മുസ്ലിംകളും പരസ്പരം സഹകരിച്ച് ജീവിക്കേണ്ടതിൻ്റെ ആവശ്യകത ബൈബിളും ഖുർആനും ഉദ്ധരിച്ച് അവർ വിശദീകരിച്ചു. യേശുവും മുഹമ്മദ് നബിയും ഗാന്ധിയും ബുദ്ധനും പഠിപ്പിച്ചത് മനുഷ്യനെ സ്നേഹിക്കണമെന്നാണ്.
മതസൗഹാർദ്ദത്തിൻ്റെ അഭാവവും മനുഷ്യൻ്റെ ക്രൂരതയുമാണ് ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടിന്ന് കാരണമെന്ന് അവർ പറഞ്ഞു. ഗസ്സയിൽ ഇസ്രയേലിൻ്റെ അക്രമത്തിൽ മുസ്ലുകൾ മാത്രല്ല കൊല്ലപ്പെട്ടത്. അവിടെ നിരവധി ക്രിസ്ത്യാനികളും യഹൂദരും കൊല്ലപ്പെട്ടിട്ടുണ്ട്. ക്രൈസ്തവർ നടത്തുന്ന ആശുപത്രികളും വിദ്യാലയങ്ങളും അവർ ബോംബിട്ട് തകർത്തിട്ടുണ്ട്. ഗസ്സയിലെ കൂട്ടക്കുതിയിൽ മരണപ്പെട്ടവർക്ക് നിത്യശാന്തിക്ക് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാർ മൗനപ്രാർത്ഥന നടത്തുകയും എല്ലാവരും അതിൽ പങ്ക് ചേരുകയും ചെയ്തു.