സന്‍ആ – ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ മിസൈല്‍ സേന ഫലസ്തീന്‍-2 ഇനത്തില്‍ പെട്ട ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് അധിനിവിഷ്ട ജാഫ മേഖലയിലെ ലോഡ് (ബെന്‍ ഗുരിയോണ്‍) വിമാനത്താവളം ലക്ഷ്യമിട്ട് ഗുണപരമായ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീഅ് പറഞ്ഞു.
ഓപ്പറേഷന്‍ വിജയകരമായി ലക്ഷ്യം കൈവരിച്ചു. ഇത് 40 ലക്ഷത്തിലധികം ആളുകളെ ഷെല്‍ട്ടറുകളിലേക്ക് ഓടിക്കയറാനും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കാരണമായി. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയയെയും അവരുടെ പോരാളികളെയും സഹായിക്കാനും ഗാസയില്‍ ശത്രുക്കള്‍ നടത്തിയ വംശഹത്യ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രതികരണമെന്നോണവുമാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. ഗാസയില്‍ ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കുകയും ഗാസക്കെതിരായ ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതു വരെ ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ തുടരും – ഹൂത്തി സൈനിക വക്താവ് പറഞ്ഞു.
ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയെന്നും യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. യെമനില്‍ നിന്ന് അല്‍പം മുമ്പ് വിക്ഷേപിച്ച മിസൈല്‍ വ്യോമസേന തടഞ്ഞു. ഇത് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങാന്‍ ഇടയാക്കി – സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ വിക്ഷേപണം കണ്ടെത്തിയതായും വ്യോമ പ്രതിരോധം സജീവമാക്കിയതായും സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ജറൂസലമില്‍ സ്‌ഫോടന ശബ്ദം കേട്ടതായി എ.എഫ്.പി ലേഖകര്‍ വ്യക്തമാക്കി.
യെമനിലെ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തി ഗ്രൂപ്പ്, ഗാസ മുനമ്പിലെ ഫലസ്തീനികളെ പിന്തുണച്ചാണ് തങ്ങള്‍ ഇസ്രായിലിനെ ആക്രമിക്കുന്നതെന്ന് പറയുന്നു. 2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ച ഹൂത്തികള്‍ ഇടക്കിടെ ഇസ്രായിലിനു നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുവരുന്നു. മാര്‍ച്ച് 18 ന്, ഇസ്രായില്‍ സൈന്യം ഗാസ മുനമ്പില്‍ ആക്രമണം പുനരാരംഭിച്ച ശേഷം, ഹൂത്തി ഗ്രൂപ്പ് ഇസ്രായില്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ കുറഞ്ഞത് 67 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും വിക്ഷേപിച്ചതായി ദി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.