സന്‍ആ: ഇസ്രായിൽ തുറമുഖങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്കെതിരെ നാലാം ഘട്ട നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇസ്രായിൽ തുറമുഖങ്ങളുമായി ബന്ധമുള്ള ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളെ, അവയുടെ ദേശീയത പരിഗണിക്കാതെ, ലക്ഷ്യമിടുമെന്ന് ഹൂത്തി വക്താവ് യഹ്യ സരീഅ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ പ്രസ്താവന പുറപ്പെടുവിക്കുന്ന സമയം മുതൽ, ഇസ്രായിൽ തുറമുഖങ്ങളുമായുള്ള എല്ലാ ഇടപാടുകളും ഷിപ്പിംഗ് കമ്പനികൾ നിർത്തണമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് അവഗണിക്കുന്ന കപ്പലുകളെ, അവയുടെ ലക്ഷ്യസ്ഥാനം പരിഗണിക്കാതെ, ഹൂത്തികളുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിൽ എവിടെയാണെങ്കിലും ആക്രമിക്കുമെന്ന് സരീഅ് പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും ഉപരോധം നീക്കുകയും ചെയ്താൽ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ ഉടൻ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ, ഗാസയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, ഇസ്രായിലിനും ഇസ്രായിലുമായി ബന്ധമുണ്ടെന്ന് ഹൂത്തികൾ അവകാശപ്പെടുന്ന കപ്പലുകൾക്കും നേരെ ഡസൻ കണക്കിന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഹൂത്തികൾ നടത്തിയിട്ടുണ്ട്. ഇതിനു പ്രതികാരമായി, യെമനിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായിൽ ആക്രമണങ്ങൾ നടത്തി.