സന്‍ആ – തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ഹൂത്തി സര്‍ക്കാറിലെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വി കൊല്ലപ്പെട്ടതായി ഹൂത്തികളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഏതാനും പേരും കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകെ നാലു പേരാണ് കൊല്ലപ്പെട്ടതെന്നും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സന്‍ആയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍റഹ്വിയും ഏതാനും കൂട്ടാളികളും കൊല്ലപ്പെട്ടതായി അല്‍റഹ്വി കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ഹൂത്തികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അവര്‍ വിസമ്മതിച്ചു. ആക്രമണത്തില്‍ ഉന്നത സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇസ്രായില്‍ ആക്രമണങ്ങള്‍ പരാജയമാണെന്നും ഹൂത്തികള്‍ പറഞ്ഞു.
ഹൂത്തികളുടെ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് നാസിര്‍ അല്‍ആതിഫിയും ഹൂത്തികളുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍കരീം അല്‍ഗമാരിയും ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഒരു സംഘം മുതിര്‍ന്ന ഹൂത്തി സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമസേന വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയതായി ഇസ്രായിലി പത്രമായ ദി ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഹൂത്തി ഗ്രൂപ്പ് നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് ടെലിവിഷന്‍ പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഇസ്രായില്‍ ആക്രമണം. ആക്രമണത്തില്‍ അല്‍ആതിഫിയും അല്‍ഗമാരിയും കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായിലി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
സന്‍ആയിലെ സൈനിക ലക്ഷ്യത്തില്‍ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം ഇന്നലെ പ്രഖ്യാപിച്ചു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രായില്‍ സൈന്യം നല്‍കിയില്ല. ഉന്നത ഹൂത്തി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായിലി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍, ഹൂത്തികള്‍ ഇസ്രായിലിലേക്ക് തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട്. അവയില്‍ മിക്കതും തടയപ്പെട്ടു. ഇസ്രായിലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാസയിലെ ഫലസ്തീന്‍ ജനതയെ പിന്തുണക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അമേരിക്ക ഹൂത്തികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ്, അമേരിക്കയും ഇസ്രായിലും യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തയിരുന്നു. അമേരിക്ക ആക്രമണം നിര്‍ത്തിയെങ്കിലും ഇറാന്‍ പിന്തുണയുള്ള ഹൂത്തി ഗ്രൂപ്പിനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രായില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സൈനിക, രാഷ്ട്രീയ നേതാക്കളെ ഇല്ലാതാക്കി ലെബനോനിലെ ഹിസ്ബുല്ലക്ക് സംഭവിച്ചതിന് സമാനമായ ഒരു സാഹചര്യം ഇസ്രായില്‍ നടപ്പാക്കുമെന്ന് ഭയന്ന്, ഹൂത്തി മിലീഷ്യകള്‍ തങ്ങളുടെ നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇന്റലിജന്‍സ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി യെമന്‍ വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനമായ സന്‍ആയിലെയും അംറാന്‍, ഹജ്ജ ഗവര്‍ണറേറ്റുകളിലെയും പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ നിരവധി ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഹൂത്തികള്‍ ഇന്റലിജന്‍സ് നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് യെമന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണ സാധ്യത കുറക്കാനായി ഹൂത്തി സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം ഗ്രൂപ്പിലെ നേതാക്കളോട് സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പങ്കിട്ട കെട്ടിടങ്ങളിലെ അപ്പാര്‍ട്ടുമെന്റുകളിലേക്ക് മാറാന്‍ ഉത്തരവിട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ നേരിട്ടുള്ള ഉപയോഗം നിര്‍ത്താനും മൊബൈല്‍ ഫോണുകള്‍ കൂട്ടാളികളുടെ കൈകളില്‍ ഏല്‍പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശയവിനിമയങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍, ആശയവിനിമയത്തിനായി എന്‍ക്രിപ്റ്റ് ചെയ്ത വയര്‍ലെസ് ഉപകരണങ്ങളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്. സന്ദര്‍ശന സ്ഥലങ്ങളില്‍ പത്ത് മിനിറ്റില്‍ കൂടുതല്‍ തങ്ങരുതെന്നും തങ്ങളെ പിന്തുടരുന്നവരെ തിരിച്ചറിയാന്‍ നേതാക്കളുടെ വാഹനങ്ങള്‍ക്കുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. യെമനിലെ അടിസ്ഥാന സൗകര്യങ്ങളേക്കാള്‍ നേതാക്കളെ നേരിട്ട് ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന നിലക്ക് ഇസ്രായില്‍ തന്ത്രത്തില്‍ മാറ്റം വരുത്തുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് തങ്ങളുടെ നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഹൂത്തികള്‍ ഇന്റലിജന്‍സ് നിര്‍ദേശങ്ങള്‍ നല്‍കിയത്.