ഹേഗ് – ഗാസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും കുടുംബാംഗങ്ങളെയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രക്ഷാപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന 24 ഇസ്രായിലി സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഔദ്യോഗിക ഹര്‍ജി സമര്‍പ്പിച്ചു.
റോം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം 120 പേജുള്ള ഫയല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. ഹിന്ദ്, ബാലികയുടെ കുടുംബത്തിലെ ആറ് അംഗങ്ങള്‍, അവരെ രക്ഷിക്കാന്‍ ശ്രമിച്ച പാരാമെഡിക്കുകള്‍ എന്നിവരുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെ ഉത്തരവാദിത്തം രേഖപ്പെടുത്തുന്ന തെളിവുകളും സാക്ഷിമൊഴികളും ഫയലില്‍ അടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാസ സിറ്റിയില്‍ ഹിന്ദ് റജബ് അടക്കമുള്ളവരെ കൊലപ്പെടുത്തിയ ഓപ്പറേഷനില്‍ പങ്കെടുത്തതായി കരുതപ്പെടുന്ന വാമ്പയര്‍ എംപയര്‍ കമ്പനി, 52-ാമത് ആര്‍മര്‍ഡ് ബറ്റാലിയന്‍, 401-ാമത് ആര്‍മര്‍ഡ് ബ്രിഗേഡ് എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഇസ്രായിലി സൈനിക യൂണിറ്റുകളെ ഉള്‍പ്പെടുത്തി അന്വേഷണം വിപുലീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം സ്റ്റാറ്റിയൂട്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, യുദ്ധക്കുറ്റകൃത്യങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവക്ക് തുല്യമായ പ്രവൃത്തികളാണ് ഇസ്രായിലി സൈനികര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഗാസയില്‍ സാധാരണക്കാര്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ ഉത്തരവാദിത്തപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, ഹേഗില്‍ ഫയല്‍ ചെയ്ത കേസിന് സമാന്തരമായി, അര്‍ജന്റീന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ജുഡീഷ്യല്‍ വകുപ്പുകള്‍, ഹിന്ദ് റജബ് വധത്തില്‍ ഉള്‍പ്പെട്ട ടാങ്ക് ക്രൂ അംഗങ്ങളില്‍ ഒരാള്‍ക്കെതിരെ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



