ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്ക് നേരെ നടക്കുന്ന വംശഹത്യയുടെ ദുഖത്താല്‍ എന്റെ ഹൃദയം ഭാരമുള്ളതായിരിക്കുന്നു. ഒരു വര്‍ഷത്തിലേറെയായി ഫലസ്തീനികള്‍ക്ക് നേരെ അതിക്രൂരമായ വംശഹത്യ നടക്കുകയാണ്. ഫലസ്തീനിലെ എത്രയോ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരാകുകയും താമസസ്ഥലങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. തങ്ങളുടെ പൂര്‍വീകരുടെ രാജ്യത്ത് തുടരുന്നതിന്റെ പേരില്‍ അവര്‍ കൊല്ലപ്പെടുന്നു. അതിനാല്‍ സങ്കടത്താല്‍ കനം തൂങ്ങുന്ന ഹൃദയം കൊണ്ടാണ് ഞാന്‍ എന്റെ ബിരുദം സ്വീകരിക്കുന്നത്.
ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം സ്വീകരിക്കുന്നതിനിടെ സെസിലിയ കള്‍വര്‍ എന്ന വിദ്യാര്‍ഥിനിയുടെ പ്രസംഗമാണിത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ കള്‍വര്‍ ഫലസ്തീനില്‍ നടക്കുന്ന ‘ഭീകരതകള്‍’ ധാര്‍മിക നട്ടെല്ലില്ലാത്തവര്‍ മാത്രമാണ് അവഗണിക്കുന്നതെന്നും പ്രഖ്യാപിച്ചു.
ഇസ്രായേലുമായുള്ള സര്‍വകലാശാലയുടെ സാമ്പത്തിക ബന്ധങ്ങളെയും ഗാസയില്‍ നടക്കുന്ന ‘വംശഹത്യ’യില്‍ അതിന്റെ പങ്കിനെയും രൂക്ഷമായി വിമര്‍ശിച്ചു.
തന്റെ സര്‍വകലാശാലയുടെ സാമ്പത്തിക സംഭവാനകളെ വിദ്യാര്‍ഥിനി വിമര്‍ശിച്ചു. യുദ്ധത്തില്‍ പങ്കാളികളായ കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് തന്റെ ട്യൂഷന്‍ ഫീസ് ഉപയോഗിക്കപ്പെടുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു. ‘എന്റെ ട്യൂഷന്‍ ഫീസ് ഈ വംശഹത്യയ്ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് അറിയുന്നത് എന്നെ അസ്വസ്ഥയാക്കുന്നു,’ അവര്‍ പറഞ്ഞു.
‘എല്ലാ സംഭവാനകളും നിക്ഷേപങ്ങളും വെളിപ്പെടുത്തണമെന്നും, ഇസ്രായേലിന്റെ വര്‍ണവിവേചന ഭരണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടും, ഭരിക്കുന്നവര്‍ അത് നിരസിച്ചു. പകരം, അവരുടെ കൈകളിലെ രക്തം ചൂണ്ടിക്കാട്ടാന്‍ ധൈര്യം കാട്ടിയവരെ അവര്‍ അടിച്ചമര്‍ത്തി,’ കള്‍വര്‍ കുറ്റപ്പെടുത്തി.
2025 ബാച്ചിനോട് സംഭാവനകള്‍ നല്‍കുന്നത് ഒഴിവാക്കാനും, സുതാര്യതയ്ക്കും നിക്ഷേപ പിന്‍വലിക്കലിനും വേണ്ടി വാദിക്കാനും കള്‍വര്‍ ആഹ്വാനം ചെയ്തു. ‘പലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ ആര്‍ക്കും സ്വാതന്ത്ര്യമില്ല,’ അവര്‍ പറഞ്ഞു. അവരുടെ പ്രസംഗത്തിന് കാണികളില്‍ നിന്ന് ഉച്ചത്തിലുള്ള കയ്യടികളും ആര്‍പ്പുവിളികളും ലഭിച്ചു.എന്നാല്‍, സര്‍വകലാശാല ഭരണകൂടം, കള്‍വറിന്റെ പ്രസംഗത്തെ ‘നടപടിക്രമ ലംഘനം’ എന്ന് വിശേഷിപ്പിച്ച് ക്ഷമാപണം നടത്തിയതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിന്റെ ഗാസയിലെ ആക്രമണം രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ മുതല്‍ 53,000-ലധികം പലസ്തീനികള്‍, ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ് കൊല്ലപ്പെട്ടത്.