ഗാസ – നാല്‍പത്തിയെട്ടു മണിക്കൂറിനിടെ ഗാസയില്‍ 970 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഗാസ യുദ്ധത്തില്‍ തിങ്കളാഴ്ച ഉച്ച വരെ 48,577 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ബുധനാഴ്ച ഉച്ചയോടെ മരണസംഖ്യ 49,547 ആയി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ മധ്യഗാസയിലെ യു.എന്‍ കേന്ദ്രത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. പരിക്കേറ്റ അഞ്ച് വിദേശികള്‍ മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ബലഹിലെ ശുഹദാ അല്‍അഖ്സ ആശുപത്രിയില്‍ എത്തിയതായി അല്‍അഖ്സ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
യു.എന്‍ കേന്ദ്രത്തില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു വിദേശികള്‍ക്ക് പരിക്കേറ്റതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നു പുലര്‍ച്ചെ മുതല്‍ ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി അല്‍അഖ്സ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള ബെയ്ത്ത് ഹാനൂന്‍, ഖിര്‍ബെത്ത് ഖുസാഅ, അബസാന്‍ അല്‍കബീറ, അല്‍ജദീദ, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഉടനടി ഒഴിഞ്ഞുപോകണമെന്ന് ഇസ്രായില്‍ സൈന്യം ആവശ്യപ്പെട്ടു.
ഈ പ്രദേശങ്ങളിലെ താമസക്കാര്‍ അവിടെ തുടരുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് സൈനിക വക്താവ് അവിചായ് അഡ്രഇ എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ ശക്തമായി തുടരുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഹമാസ് അടച്ചിട്ടില്ലെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്ന് മധ്യസ്ഥരോട് ഹമാസ് ആഹ്വാനം ചെയ്തു.
അതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇന്ന് ആയിരക്കണക്കിന് ഇസ്രായിലികള്‍ ജറൂസലമില്‍ പ്രകടനം നടത്തി. ഉപരോധിക്കപ്പെട്ട ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട ബന്ദികളുടെ വിധി അവഗണിച്ച് ജനാധിപത്യ വിരുദ്ധമായ നടപടികളും ഗാസ യുദ്ധവും പ്രധാനമന്ത്രി തുടരുകയാണെന്ന് പ്രകടനക്കാര്‍ ആരോപിച്ചു.
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നടന്ന പ്രകടനത്തില്‍ ഗാസയിലെ ഇസ്രായിലി ബന്ദികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും പ്രധാനമന്ത്രിയെ എതിര്‍ക്കുന്നവരും പങ്കെടുത്തു. മാസങ്ങള്‍ക്കിടെ ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണിത്. ആഭ്യന്തര സുരക്ഷാ സേവന (ഷിന്‍ ബെറ്റ്) മേധാവി റോണന്‍ ബാറിനെ പിരിച്ചുവിടാനുള്ള ആഗ്രഹം നെതന്യാഹു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ ഗ്രൂപ്പുകളുടെ ആഹ്വാന പ്രകാരമാണ് പ്രകടനം നടന്നത്.
ഇസ്രായിലിലെ എല്ലാ ജനങ്ങളും ഈ പ്രകടനത്തില്‍ ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – പ്രകടനത്തില്‍ പങ്കെടുക്കാന്‍ തെല്‍അവീവില്‍ നിന്ന് ജറൂസലമില്‍ എത്തിയ 68 കാരനായ സിവ് ബരാര്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും ബന്ദികളുടെ സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുന്നതുവരെ ഞങ്ങള്‍ പ്രതിഷേധ പ്രകടനം നിര്‍ത്തില്ല എന്നും സിവ് ബരാര്‍ പറഞ്ഞു. ചുവന്ന കൈയുറകള്‍ ധരിച്ച പ്രകടനക്കാര്‍ പ്രധാനമന്ത്രിക്കെതിരെ നിങ്ങളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു എന്നും നിങ്ങളാണ് പ്രധാനമന്ത്രി, നിങ്ങളാണ് കുറ്റക്കാരന്‍ എന്നും മുദ്രാവാക്യം വിളിച്ചു.
ബന്ദികളെ പരാമര്‍ശിച്ച്, സൈനിക സമ്മര്‍ദം അവരെ കൊല്ലും, നെതന്യാഹുവില്‍ നിന്ന് ഇസ്രായിലിനെ രക്ഷിക്കൂ എന്നീ ബാനറുകള്‍ മറ്റ് പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ പച്ചക്കൊടി കാട്ടല്‍ ബന്ദികളുടെ ജീവന്‍ ബലിയര്‍പ്പിക്കുന്നതാണെന്ന് ബന്ദികളുടെ ബന്ധുക്കള്‍ വിലയിരുത്തുന്നു. ആഭ്യന്തര വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനും എക്‌സിക്യൂട്ടീവ് അധികാരികളുടെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കാനും നെതന്യാഹു ഹമാസിനെതിരായ യുദ്ധം മുതലെടുക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.