ജിദ്ദ – ഹസന്‍ നസ്‌റല്ലയും ഭൂരിഭാഗം ഒന്നാംനിര നേതാക്കളും കൊല്ലപ്പെട്ടതോടെ നസ്‌റല്ലയുടെ മാതൃസഹോദരീ പുത്രനും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടറുമായിരുന്ന ഖാസിം സുലൈമാനിയുടെ ബന്ധുവുമായ ഹാശിം സ്വഫിയുദ്ദീന്‍ ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. ശരീരരൂപത്തിലും സംസാര ശൈലിയിലും ഹസന്‍ നസ്‌റല്ലയുമായി ഏറെ സാമ്യമുള്ള ഹാശിം സ്വഫിയുദ്ദീനെ 1994 മുതല്‍ ഹിസ്ബുല്ല നേതാവാകാന്‍ പാകപ്പെടുത്തിവരികയായിരുന്നു.
1994 ല്‍ ഇറാനിലെ ഖും നഗരത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഹാശിം സ്വഫിയുദ്ദീനെ ഹിസ്ബുല്ല പിന്നീട് നിരവധി ഉന്നത പദവികളില്‍ നിയമിച്ചു. ഇറാന്‍ നേതാക്കളുമായുള്ള അടുത്ത ബന്ധം ഹിസ്ബുല്ലക്കകത്ത് ഹാശിം സ്വഫിയുദ്ദീന്റെ സ്ഥാനം ശക്തിപ്പെടുത്തി. ശിയാക്കളുടെ ആത്മീയ കേന്ദ്രമായ ഖും നഗരത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹാശിം സ്വഫിയുദ്ദീന്‍ തെഹ്‌റാനിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയങ്ങള്‍ നടത്തിയിരുന്നു.
ഖുദ്‌സ് ഫോഴ്‌സ് മുന്‍ കമാണ്ടര്‍ ഖാസിം സുലൈമാനിയുടെ മകളെയാണ് ഹാശിം സ്വഫിയുദ്ദീന്റെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. 2020 ജനുവരി മൂന്നിന് ബഗ്ദാദ് എയര്‍പോര്‍ട്ടില്‍ വെച്ച് കൃത്യമായ ആക്രമണത്തിലൂടെ ഖാസിം സുലൈമാനിയെ അമേരിക്ക വധിക്കുകയായിരുന്നു. ഖാസിം സുലൈമാനിയുടെ മകളെ വിവാഹം ചെയ്തത് ഹാശിം സ്വഫിയുദ്ദീന്റെ സ്ഥാനം ഗ്രൂപ്പിനുള്ളില്‍ കൂടുതല്‍ ശക്തമാക്കി. നസ്‌റല്ലയുടെ പിന്‍ഗാമിയാകാനുള്ള സ്വാഭാവിക ചോയ്‌സ് ആയി ഇത് ഹാശിം സ്വഫിയുദ്ദീനെ മാറ്റുന്നു. ഹിസ്ബുല്ലയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് ഹാശിം സ്വഫിയുദ്ദീന്‍ ആണെന്ന് കൗണ്ടര്‍ ടെററിസം ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.
എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ഹിസ്ബുല്ലയുടെ ഭരണം കൈയാളുന്ന ശൂറാ കൗണ്‍സിലിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴു അംഗങ്ങളില്‍ ഒരാളാണ് ഇദ്ദേഹം. ഹാശിം സ്വഫിയുദ്ദീനെ 2017 മാര്‍ച്ചില്‍ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ ലെബനോനിലെ ദൈര്‍ ഖാനൂന്‍ അന്നഹര്‍ ഗ്രാമത്തില്‍ 1964 ല്‍ ആണ് ഹാശിം സ്വഫിയുദ്ദീന്റെ ജനനം. എണ്‍പതുകളില്‍ ബന്ധു ഹസന്‍ നസ്‌റല്ലക്കൊപ്പം മതപഠനത്തിന് ഹാശിം സ്വഫിയുദ്ദീനും ഇറാനിലെ ഖും നഗരത്തിലേക്ക് പോയി.
1983 ല്‍ ലെബനോനിലെ ശിയാ ഇസ്‌ലാമിക് കൗണ്‍സിലിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന മുഹമ്മദ് അലി അല്‍അമീനിന്റെ മകളെ വിവാഹം ചെയ്തു. 1994 ല്‍ ഹിസ്ബുല്ലക്കു കീഴില്‍ ബെയ്‌റൂത്ത് ഏരിയയുടെ പ്രസിഡന്റ് ആയി ഹിശാം സ്വഫിയുദ്ദീനെ ഹസന്‍ നസ്‌റല്ല നിയമിച്ചു.
ഹിസ്ബുല്ലയുടെ സൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ജിഹാദ് കൗണ്‍സില്‍ പ്രസിഡന്റ് പദവി 1995 ല്‍ വഹിക്കുകയും ശൂറാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1998 ല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചുമതല കൈമാറി ഹാശിം സ്വഫിയുദ്ദീന് സ്ഥാനക്കയറ്റം നല്‍കി. ഇതോടെ നസ്‌റല്ലക്കു ശേഷം ഹിസ്ബുല്ലയിലെ രണ്ടാമത്തെ നേതാവായും നസ്‌റല്ലയുടെ പിന്‍ഗാമിയായും കണക്കാക്കപ്പെട്ടു.
ഹാശിം സ്വഫിയുദ്ദീന്റെ സഹോദരന്‍ അബ്ദുല്ല ഇറാനിലെ ഹിസ്ബുല്ല പ്രതിനിധിയാണ്. ഹിസ്ബുല്ലയെ പ്രതിനിധീകരിച്ച് മയക്കുമരുന്ന് കടത്ത്, പണം വെളുപ്പിക്കല്‍ ഇടപാടുകളില്‍ പങ്കുള്ളതിന് അബ്ദുല്ലക്ക് നേരത്തെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2020 ല്‍ ആണ് ഹാശിം സ്വഫിയുദ്ദീന്റെ പുത്രന്‍ രിദ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബിനെ വിവാഹം ചെയ്തത്. ഇറാനില്‍ നിന്ന് ലെബനോനിലേക്ക് ചെറിയ സൈനിക ഘടകങ്ങള്‍ കടത്തുന്ന മാര്‍ഗങ്ങളില്‍ ഒന്നിന്റെ ചുമതല രിദക്ക് ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.