ഗാസ: ഇസ്രായിലി ബന്ദികളുടെ പുതിയ വീഡിയോ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് പുറത്തുവിട്ടു. പുതപ്പുകള്‍ കൊണ്ട് ചുറ്റപ്പെട്ട മുറിയില്‍ ഒത്തുകൂടിയ ഒരുകൂട്ടം ബന്ദികള്‍ പായകളില്‍ ഇരിക്കുന്നതും പിന്നീട് പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണിച്ചു. ‘എല്ലാവരെയും പുറത്തെത്തിക്കുക, കുടുംബങ്ങളെ വേര്‍പെടുത്തരുത്… ഞങ്ങളുടെ ജീവിതങ്ങള്‍ നശിപ്പിക്കരുത്’ എന്ന് അറബി, ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിലുള്ള വാചകം വീഡിയോക്കൊപ്പം ഉണ്ട്.
ഹമാസിന്റെ ഈ പ്രചാരണം ഇസ്രായിലിനെ ഭയപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. മനശ്ശാസ്ത്ര യുദ്ധ സന്ദേശങ്ങള്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ ബന്ദികളെ ഹമാസ് നിര്‍ബന്ധിക്കുന്നു. നമ്മുടെ എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനും യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനും അക്ഷീണം ശ്രമങ്ങൾ തുടരുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.