ഗാസ – ഉത്തര ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ വനിതാ ബന്ദികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ അറിയിച്ചു. ഇക്കാര്യം ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായിലി ബന്ദികളുടെ ജീവന്റെ ഉത്തരവാദിത്തം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രായില്‍ ഗവണ്‍മെന്റിനും സൈനിക കമാന്‍ഡര്‍മാര്‍ക്കുമാണെന്ന് അബൂഉബൈദ പറഞ്ഞു. ബന്ദികളുടെ മരണത്തിന് കാരണക്കാരാകാണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി കൊല്ലപ്പെട്ട ശേഷം മറ്റൊരു വനിതാ ബന്ദിയുടെ ജീവനവും ഭീഷണി നേരിടുന്നു. ഗാസയില്‍ വരുത്തിയ വ്യാപകമായ നാശവും ബന്ദികളെ പിടിച്ച ചിലരുടെ രക്തസാക്ഷിത്വവും കാരണം മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്റെ ‘ധര്‍മ്മസങ്കടം’ നേരിടാന്‍ ഇസ്രായില്‍ തയാറെടുക്കേണ്ടിവരുമെന്നും, ഉത്തര ഗാസയില്‍ ഒരു മാസത്തിലേറെയായി തുടരുന്ന ശക്തമായ ആക്രമണങ്ങള്‍ സൂചിപ്പിച്ച് അബൂഉബൈദ പറഞ്ഞു.
ലെബനോനിലെ ബഅല്‍ബെക്കില്‍ ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബഅല്‍ബെക്കിലെ ശമിസ്താറില്‍ 13 പേരും ബവാദിയില്‍ അഞ്ചു പേരും ഫലാവിയില്‍ നാലു പേരും അല്‍ഫകഹാനിയില്‍ ഒരാളും ബ്രിതാലില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മധ്യബൈറൂത്തിലെ അല്‍ബസ്താ ഏരിയയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. എട്ടുനില കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
ലെബനോന്‍, സിറിയ അതിര്‍ത്തിയിലെ ഹുംസിലെ അല്‍ഖസീറില്‍ ജൂസിയ ബോര്‍ഡര്‍ ക്രോസിംഗിലും ഇസ്രായില്‍ വ്യോമാക്രമണം നടത്തി. അതിര്‍ത്തിയില്‍ സിറിയയുടെയും ലെബനോന്റെയും ഭാഗത്തുള്ള അതിര്‍ത്തി ക്രോസിംഗുകളെ ബന്ധിപ്പിക്കുന്ന റോഡിന് ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി സിറിയന്‍ ടെലിവിഷന്‍ പറഞ്ഞു. ഒറോന്റിസ് നദിക്കു കുറുകെയുള്ള പാലങ്ങളും സിറിയ, ലെബനോന്‍ അതിര്‍ത്തിയിലെ റോഡുകളും ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി പത്തു ദിവസം മുമ്പ് സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. സിറിയയില്‍ നിന്ന് ലെബനോനിലെ ഹിസ്ബുല്ലക്ക് ആയുധങ്ങളെത്തിക്കാന്‍ ഉപയോഗിക്കുന്ന, സിറിയന്‍, ലെബനോന്‍ അതിര്‍ത്തിയില്‍ സിറിയന്‍ ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള റോഡുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇസ്രായില്‍ സൈന്യം പറയുന്നു.
ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,670 ഉം പരിക്കേറ്റവരുടെ എണ്ണം 15,423 ഉം ആയി ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 44,176 പേര്‍ കൊല്ലപ്പെടുകയും 1,04,473 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 48 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ ഏഴു കൂട്ടക്കൊലകള്‍ നടത്തി. ഈ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെടുകയും 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.