ഗാസ – 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരായ ആക്രമണത്തിന് ശേഷം ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട രണ്ട് ഇസ്രായിലി ബന്ദികളുടെ വീഡിയോ ഹമാസിന്റെ സൈനിക വിഭാഗം ഇന്ന് പുറത്തുവിട്ടു.
മൂന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ കാറില്‍ സഞ്ചരിക്കുന്ന ബന്ദികളില്‍ ഒരാള്‍, ഗാസ നഗരം പിടിച്ചെടുക്കാന്‍ ആസൂത്രിതമായ സൈനിക ആക്രമണം നടത്തരുതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഹീബ്രു ഭാഷയില്‍ ആവശ്യപ്പെടുന്നത് കാണിക്കുന്നു. വീഡിയോയുടെ അവസാനം മറ്റൊരു ബന്ദിയെ കണ്ടുമുട്ടുന്ന ആദ്യ ബന്ദി, താന്‍ ഗാസ നഗരത്തിലാണെന്നും വീഡിയോ ഓഗസ്റ്റ് 28 ന് ചിത്രീകരിച്ചതാണെന്നും പറയുന്നു.
സൈന്യം ഗാസ നഗരത്തെ ആക്രമിക്കാന്‍ പോകുന്നതായി ഞാന്‍ കേട്ടു. ഈ ആശയം എന്നെ ഭയപ്പെടുത്തുന്നു – അറബിയില്‍ സബ്‌ടൈറ്റിലുള്ള വീഡിയോയില്‍ ബന്ദി ഹീബ്രു ഭാഷയില്‍ പറയുന്നു. ഇതിനര്‍ഥം ഞങ്ങള്‍ ഇവിടെ മരിക്കുമെന്നാണ്. ഞങ്ങള്‍ ഗാസ നഗരത്തില്‍ നിന്ന് മാറില്ല. സൈന്യത്തിന്റെ ആക്രമണം പരിഗണിക്കാതെ ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഇതിനര്‍ഥം ഞാനും എന്റെ സുഹൃത്തുക്കളായ എട്ട് ഇസ്രായിലി പൗരന്മാരും ഇവിടെ തന്നെ മരിക്കുമെന്നാണ് – ഇസ്രായിലി ബന്ദി വീഡിയോയില്‍ പറഞ്ഞു.
വീഡിയോയില്‍ ഭൂരിഭാഗം സമയത്തും സംസാരിക്കുന്നത് ഗൈ ഗില്‍ബോവ ദലാല്‍ ആണെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് 22 വയസ്സായിരുന്നു. ഫെബ്രുവരി 23 ന് ഹമാസ് പുറത്തിറക്കിയ മറ്റൊരു വീഡിയോയില്‍ ഗൈ ഗില്‍ബോവ ദലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സമയത്ത് പ്രാബല്യത്തില്‍ ഉണ്ടായിരുന്ന വെടിനിര്‍ത്തല്‍ സമയത്ത് മറ്റ് ബന്ദികളെ മോചിപ്പിക്കുന്നത് കണ്ട് ഗൈ ഗില്‍ബോവ ദലാല്‍ നിരാശപ്പെടുന്നത് അന്ന് വീഡിയോയില്‍ കാണിച്ചു. വീഡിയോയുടെ അവസാനം പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ബന്ദിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബം തയാറായിട്ടില്ല.
ഗാസ അതിര്‍ത്തിക്കു സമീപം തെക്കന്‍ ഇസ്രായിലില്‍ നോവ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഗൈ ഗില്‍ബോവ ദലാലിനെ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയത്. 2023 ഒക്ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയ 251 പേരില്‍ 47 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. അവരില്‍ 25 പേര്‍ മരിച്ചതായി ഇസ്രായിലി സൈന്യം പറയുന്നു. അന്നു മുതല്‍, ഹമാസും ഇസ്‌ലാമിക് ജിഹാദും ഇസ്രായിലി ബന്ദികളെ കാണിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെ നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കാലത്ത് ഇസ്രായിലി ജയിലുകളില്‍ നിന്ന് ഏകദേശം 1,800 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി, മരിച്ച എട്ട് പേര്‍ ഉള്‍പ്പെടെ 33 ബന്ദികളെ ഇസ്രായിലില്‍ തിരിച്ചെത്തിച്ചു. 2023 നവംബറിലെ ആദ്യത്തെ ഹ്രസ്വ വെടിനിര്‍ത്തല്‍ കാലത്ത് നിരവധി ഇസ്രായിലി ബന്ദികളെ വിട്ടയച്ചിരുന്നു.