ജിദ്ദ – ദോഹയില്‍ വെച്ച് വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ഗാസ മുനമ്പിലെ തങ്ങളുടെ നേതാവ് ഖലീല്‍ അല്‍ഹയ്യ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ ഹമാസ് പുറത്തിറക്കി.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന വഞ്ചനാപരമായ വധശ്രമത്തിന് ശേഷമാണ് ഗാസ മുനമ്പില്‍ ഹമാസ് പ്രസ്ഥാനത്തിന്റെ നേതാവും ചര്‍ച്ചാ പ്രതിനിധി സംഘത്തിന്റെ തലവനുമായ സഹോദരന്‍ ഖലീല്‍ അല്‍ഹയ്യയുടെ ആദ്യ പ്രത്യക്ഷപ്പെടല്‍. അദ്ദേഹത്തിന്റെ മകന്‍ ഹമ്മാം, ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബദ്, ഏതാനും ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായി – വീഡിയോയെ കുറിച്ച് ഹമാസ് അഭിപ്രായപ്പെട്ടു.
ഗാസയില്‍ ഇസ്രായില്‍ തുടര്‍ച്ചയായി നടത്തുന്ന ബോംബാക്രമണം സിവിലിയന്മാര്‍ക്കെതിരായ സൈനിക നടപടികള്‍ കുറച്ചെന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നുണകള്‍ തുറന്നുകാട്ടുന്നതായി ഹമാസ് പറഞ്ഞു. ഗാസയിലെ ഉന്മൂലന യുദ്ധം നിര്‍ത്താന്‍ സാധ്യമായ എല്ലാ സമ്മര്‍ദവും ചെലുത്താന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായും ഹമാസ് പറഞ്ഞു.
രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതി പ്രകാരം ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സന്നദ്ധത പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബോംബാക്രമണം നിര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായിലിനോട് ആഹ്വാനം ചെയ്തിട്ടും ശനിയാഴ്ച നടന്ന ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.