റാമല്ല – ഹമാസ് ഫലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയില്‍ നിന്ന് ഇസ്രായില്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ഫലപ്രദമായ അറബ്, അന്താരാഷ്ട്ര പിന്തുണയോടെ ഗാസയിലെ പൂര്‍ണ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ഗാസ പ്രശ്‌നത്തിനുള്ള ഏക പ്രായോഗിക പരിഹാരമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മുന്‍ ക്വാര്‍ട്ടറ്റ് പ്രതിനിധിയുമായ ടോണി ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
യുദ്ധാനന്തരം ഹമാസ് ഗാസ ഭരിക്കില്ല. ഹമാസ് ഫലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറണം. അന്താരാഷ്ട്ര നിയമസാധുത, ഒരൊറ്റ സംവിധാനം, ഒരൊറ്റ നിയമം, നിയമാനുസൃത ആയുധങ്ങള്‍ എന്നിവയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ രാഷ്ട്രീയ പരിപാടി പാലിച്ചും ഹമാസ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, രാഷ്ട്രീയവും മാനുഷികവുമായ സാഹചര്യവും അബ്ബാസ് ബ്ലെയറുമായി ചര്‍ച്ച ചെയ്തു. ഉടന്‍ വെടിനിര്‍ത്തല്‍ കൈവരിക്കേണ്ടതിന്റെയും മുഴുവന്‍ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കേണ്ടതിന്റെയും ഗാസയിലേക്ക് അടിയന്തര മാനുഷിക സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
അതേസയമം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ച പരിഹാരങ്ങളിലൂടെ യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രായില്‍ ആക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉടനടി നടപടിയെടുക്കണം. യുദ്ധം അവസാനിപ്പിച്ച് ജീവന്‍ രക്ഷിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഇത് കൈവരിക്കാന്‍ അന്താരാഷ്ട്ര ശക്തികള്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണം. ഗാസയില്‍ നിന്ന് ഇസ്രായില്‍ പൂര്‍ണമായും പിന്മാറുകയും ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് കഴിയുകയും ചെയ്യുക എന്നതാണ് സുസ്ഥിരമായ പരിഹാരമെന്ന് ഫലസ്തീന്‍ ഗവണ്‍മെന്റ് പറഞ്ഞു.