ഗാസ – ഗാസയിൽ ഇസ്രായേൽ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡർ റായിദ് സഅദ് കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അൽറശീദ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേരെ നാല് മിസൈലുകൾ ഉതിർത്താണ് ഇസ്രായേൽ സൈന്യം ഈ ദൗത്യം നടപ്പിലാക്കിയത്. ആക്രമണത്തിൽ റായിദ് സഅദിനൊപ്പം നാല് ഫലസ്തീനികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സിലെ രണ്ടാമത്തെ ഉന്നതനായ ഇദ്ദേഹം ആയുധ നിർമ്മാണ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നയാളും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളുമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ ഇസ്രായേലിന്റെ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട റായിദ് സഅദിനെയാണ് ഇത്തവണ വകവരുത്തിയത്. എന്നാൽ ഹമാസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ ഗാസയുടെ മറ്റ് ഭാഗങ്ങളിലും ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയിട്ടുണ്ട്.
ജബാലിയയിൽ പതിനെട്ടുകാരനായ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നതായും ഖാൻ യൂനിസിലും റഫയിലും വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 390-ഓളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു.



