തെല്‍അവീവ് – ഗാസയില്‍ തടവിലാക്കപ്പെട്ട ഒരു ഇസ്രായിലി ബന്ദിയുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബന്ദികളില്‍ ഒരാളുടെ മൃതദേഹം കൂടി റെഡ് ക്രോസ് വഴി ലഭിച്ചതായി ഇസ്രായില്‍ സൈന്യവും അറിയിച്ചു. സൈന്യം മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കും. ശേഷം ഇസ്രായേലി പതാക കൊണ്ട് മൂടി സൈനിക റബ്ബിയുടെ നേതൃത്വത്തില്‍ ചെറിയ ചടങ്ങ് നടത്തും. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ തിരിച്ചറിയാനായി തെല്‍അവീവിലെ അബൂകബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റും.
ഗാസ മുനമ്പില്‍ ഇസ്രായിലി സൈനിക നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്സ് ബ്രിഗേഡ്സ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്ന് മധ്യ ഗാസ സ്ട്രിപ്പില്‍ സയണിസ്റ്റ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ തിരച്ചിലും ഖനന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനിടെ ശത്രുതടവുകാരില്‍ ഒരാളുടെ മൃതദേഹം ഞങ്ങള്‍ കണ്ടെത്തി – അല്‍ഖുദ്സ് ബ്രിഗേഡ്സ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം 10 ന് നടപ്പാക്കാന്‍ തുടങ്ങിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍, ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയക്കുകയും 375 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്തു. പകരമായി, ജീവിച്ചിരിക്കുന്ന 20 ഇസ്രായിലി ബന്ദികളെയും 25 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇസ്രായിലിനും കൈമാറി.



