ഗാസ – ഇസ്രായിലി ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിച്ചത് ഫലസ്തീന്‍ ജനതയുടെ പോരാട്ട ചരിത്രത്തിലെ ദേശീയ നേട്ടമാണെന്ന് ഹമാസ്. ഗാസയിലെ ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചതിനു പകരമായി ഏകദേശം 2,000 ഫലസ്തീന്‍ തടവുകാർ മോചിതരായി.
അധിനിവേശ ജയിലുകളില്‍ നിന്ന് മോചിതരായ തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഫലസ്തീന്‍ ജനതയെയും ഹമാസ് അഭിനന്ദിച്ചു. ‘ഇത് നമ്മുടെ തുടര്‍ച്ചയായ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമുള്ള പോരാട്ടത്തിലെ ഒരു തിളക്കമാര്‍ന്ന ദേശീയ നാഴികക്കല്ലാണ്’ – ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ജീവപര്യന്തം തടവിനും ദീര്‍ഘകാല തടവിനും ശിക്ഷിക്കപ്പെട്ട് പതിറ്റാണ്ടുകളായി ഇസ്രായില്‍ ജയിലുകളില്‍ കഴിഞ്ഞുവന്ന 250 ഫലസ്തീനികളെ കരാറിന്റെ ഭാഗമായി വിട്ടയച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് തെക്കുള്ള ബെയ്ത് ഫജാര്‍ ഗ്രാമവാസിയായ ഹംസ ഉമര്‍ അബ്ദുല്‍ ഫത്താഹ് അല്‍മശാര്‍ഹ മോചിതരായവരുടെ കൂട്ടത്തിലുണ്ട്. ഫതഹ് പ്രസ്ഥാനത്തിലെ അംഗമായ ഹംസ അല്‍മശാര്‍ഹയെ 2002 ഏപ്രില്‍ 13 നാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് ആറ് ജീവപര്യന്തവും 20 വര്‍ഷവും തടവുമാണ് ഇസ്രായില്‍ കോടതി വിധിച്ചിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദീബ് അഹ്മദ് അബ്ദുല്ല അബുറബും മോചിതനായിട്ടുണ്ട്. ഫതഹ് പ്രസ്ഥാനത്തിലെ അംഗവും വെസ്റ്റ് ബാങ്കിലെ തൂല്‍കറം നഗരത്തിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പ് വാസിയുമായ ഇദ്ദേഹം 2002 നവംബര്‍ 12 മുതല്‍ തടവിലാണ്.
മാജിദ് ഇസ്മായില്‍ മുഹമ്മദ് മസ്‌രി, മുഹമ്മദ് കാമില്‍ ഖലീല്‍ ഇംറാന്‍, മുഹമ്മദ് ജമാല്‍ മുഹമ്മദ് അഖ്ല്‍, അഹ്മദ് ആദില്‍ ജാബിര്‍ സആദ, മുനീര്‍ അബ്ദുല്ല മര്‍ഇ, മഹ്മൂദ് ബാസിം മഹ്മൂദ് അബൂജുനൈദ്, ഇസ്സുദ്ദീന്‍ ഖാലിദ് ഹുസൈന്‍ അല്‍ഹമാംറ, നസ്‌രി ആയിദ് ഹുസൈന്‍ ആസി, നാദിര്‍ സാലിഹ് മംദൂഹ് സദഖ, ഇമാദ് സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖവാസ്മി, റിയാദ് ദഖ്ലല്ല അഹ്മദ് അല്‍അമൂര്‍, അസ്സാഫ് ഹാഫിസ് ഹുസൈന്‍ സഹ്റാന്‍, ഇയാദ് മുഹമ്മദ് അഹ്മദ് അബുറബ് എന്നിവരാണ് ജയില്‍ മോചിതരായത്.