ഗാസ – ഗാസയിലെ ഇസ്രായില്‍ ആക്രമണം തടയാനായി മധ്യസ്ഥര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് ഫലസ്തീന്‍ വിഭാഗങ്ങളുമായുള്ള ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ മറുപടി മധ്യസ്ഥര്‍ക്ക് നല്‍കിയതായി ഹമാസ് പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഗൗരവമായ സന്നദ്ധത ഹമാസ് വ്യക്തമാക്കി.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഹമാസ് മറുപടി സമര്‍പ്പിച്ചതായും, പ്രതികരണം പോസിറ്റീവ് ആണെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സഹായിക്കുമെന്നും ഫലസ്തീന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇസ്രായിലും ഹമാസും തമ്മില്‍ ഏകദേശം 21 മാസമായി നടക്കുന്ന യുദ്ധത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള അന്തിമ നിര്‍ദേശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വരും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപക്ഷത്തുനിന്നും പ്രതികരണം പ്രതീക്ഷിക്കുന്നതായും ട്രംപ് സൂചിപ്പിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള ഞങ്ങളുടെ പ്രതികരണം ഞങ്ങള്‍ മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും നല്‍കിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഹമാസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഹമാസിന്റെ പ്രതികരണം പോസിറ്റീവ് ആണെന്നും അത് ഒരു കരാറിലെത്താന്‍ സഹായിക്കുമെന്നും ചര്‍ച്ചകളോട് അടുപ്പമുള്ള ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുന്‍കാല വെടിനിര്‍ത്തല്‍ ധാരണകള്‍ക്കനുസൃതമായി ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സംവിധാനം പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ കരാറില്‍ ചെറിയ ഭേദഗതികള്‍ വരുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായിലി വാര്‍ത്താ സൈറ്റായ വൈനെറ്റ് വെളിപ്പെടുത്തി. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ അടച്ചുപൂട്ടണമെന്നും മുന്‍ വെടിനിര്‍ത്തല്‍ കരാറില്‍ വ്യക്തമാക്കിയ സ്ഥലങ്ങളിലേക്ക് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 60 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം യുദ്ധം പുനരാരംഭിക്കരുതെന്നും മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നത് ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 60 ദിവസത്തെ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചിട്ടുണ്ടെന്നും ആ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനത്തെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസും ഇസ്രായിലും പരസ്യ പ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കുകയാണ്. ജീവനോടെയിരിക്കുന്ന 20 ബന്ദികളെ ഇപ്പോഴും തടങ്കലില്‍ വെച്ചതായി വിശ്വസിക്കപ്പെടുന്ന ഹമാസിനെ നിരായുധരാക്കണമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹമാസ് വിസമ്മതിക്കുകയാണ്. തിങ്കളാഴ്ച വാഷിംഗ്ടണില്‍ വെച്ച് നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.