ഖാർത്തൂം– ഉത്തര സുഡാനിൽ സ്വർണ ഖനി തകർന്ന് ആറ് പേർ മരണപ്പെട്ടു. 20 പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. നൈൽ നദി സംസ്ഥാനത്തെ ബർബർ നഗരത്തിന് പടിഞ്ഞാറുള്ള ഉമ്മുഊദ് പ്രദേശത്താണ് അപകടമെന്ന് ബർബർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ ഇബ്രാഹിം കറാർ പറഞ്ഞു. ഖനിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ഏപ്രിലിൽ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപക്ഷവും സ്വർണ മേഖലയിൽ നിന്നാണ് വൻതോതിൽ പണം കണ്ടെത്തുന്നത്. ശക്തമായ ആഭ്യന്തര യുദ്ധത്തിനിടെയും 2024 ൽ 64 ടൺ സ്വർണം ഉൽപാദിപ്പിച്ചതായി സൈനിക പിന്തുണയുള്ള സർക്കാർ അറിയിച്ചു. ഇത് റെക്കോർഡ് ആണ്.
വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ സുഡാൻ ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ ഖനികളുള്ള രാജ്യങ്ങളിലൊന്നാണ്. ഭൂരിഭാഗം സ്വർണവും വേർതിരിച്ചെടുക്കുന്നത് ശരിയായ സുരക്ഷാ നടപടികൾ ഇല്ലാതെയും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പ്രാഥമിക ഖനന പ്രവർത്തനങ്ങളിലൂടെയാണ്. ഇത് ഖനിത്തൊഴിലാളികൾക്കും സമീപ ഗ്രാമങ്ങളിലെ നിവാസികൾക്കും ഗുരുതരമായ ആരോഗ്യ അപകടങ്ങൾ കാരണമാകുന്നു. യുദ്ധത്തിന് മുമ്പ് ഖനന മേഖല ഇരുപതു ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നൽകിയിരുന്നതായി കണക്കുകൾ പറയുന്നു. സുഡാനിലെ യുദ്ധത്തിൽ പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏകദേശം ഒരു കോടി ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ഇവർക്കു പുറമെ 40 ലക്ഷം സുഡാനികൾ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിലേക്കും പലായനം ചെയ്തു.