കാഠ്മണ്ഡു – നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി രാജിവെച്ചു. സർക്കാറിനെതിരായ യുവജന പ്രക്ഷോഭം ആളിക്കത്തിയതോടെയാണ് ശര്‍മ്മ ഒലി രാജിവെച്ചത്. പ്രക്ഷോഭകാരികൾ പാർലമെന്റിൽ കടന്നുകയറി തീയിട്ടു. സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കെ പി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ തീരുമാനമാണ് യുവജന പ്രക്ഷോഭത്തിന് തുടക്കമിട്ടത്.
ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ ഇരുപത്തിയാറോളം സമൂഹ മാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ സമൂഹ മാധ്യമ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നടന്ന അക്രമങ്ങളിലും വെടിവയ്‌പ്പിലും 19 പേർ കൊല്ലപ്പെട്ടു. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് നേരത്തെ രാജിവെച്ചിരുന്നു. സമൂഹമാധ്യമ സൈറ്റുകൾക്കുള്ള വിലക്ക് നീക്കിയിട്ടും വ്യാപക അക്രമങ്ങൾ തുടരുന്ന സാഹച്യത്തിലാണ് ശര്‍മ്മ ഒലിയുടെ രാജി.
സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. രാജ്യത്തെ മറ്റു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്കും ആക്രമണം ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം താൽകാലികമായി ഏറ്റെടുത്തു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വൈകുന്നേരം യോഗം ചേരും.