തെല്‍അവീവ് – യുദ്ധം റദ്ദാക്കണമെന്നും ബന്ദികളെയും തടവുകാരെയും കൈമാറാന്‍ ഹമാസുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലേറെ ഇസ്രായിലികള്‍ നാളെ പണിമുടക്ക് നടത്തും. ഗാസ പിടിച്ചടക്കുന്നതിനെ ഭൂരിഭാഗം ഇസ്രായിലി പൗരന്മാരും എതിര്‍ക്കുന്നതായും ഇതേ നിലപാട് പ്രഖ്യാപിച്ച സൈന്യത്തോടൊപ്പം നില്‍ക്കുന്നതായും അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമായി സൂചിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ പൊതുപണിമുടക്ക് നടത്തുന്നത്.
ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങള്‍, മുന്‍ കരാറുകളില്‍ മോചിപ്പിക്കപ്പെട്ട ബന്ദികള്‍, വിവിധ ട്രേഡ് യൂണിയനുകള്‍ എന്നിവരടങ്ങുന്ന സമര നേതൃത്വം, പത്തു ലക്ഷത്തിലേറെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രസ്താവിച്ചു. ഹിസ്റ്റാഡ്രട്ട് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ പണിമുടക്ക് സംഘടിപ്പിക്കുന്നതില്‍ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും പണിമുടക്കില്‍ പങ്കെടുക്കണമോ എന്ന് ട്രേഡ് യൂണിയനുകള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിട്ടുണ്ട്.


തെല്‍അവീവ്, ജാഫ മുനിസിപ്പാലിറ്റികള്‍ അടക്കം ഡസന്‍ കണക്കിന് മുനിസിപ്പാലിറ്റികളും ലക്ഷക്കണക്കിന് ബിസിനസ് സ്ഥാപനങ്ങളും രാജ്യവ്യാപകമായ പണിമുടക്കിന്റെ ഭാഗമായി നാളെ അടച്ചിടും. ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തെല്‍അവീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ നടക്കുന്ന പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറം ഓഫ് ഡീറ്റൈനീസ് ഓഫ് ഫാമിലീസ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കില്‍ പങ്കെടുക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.