ഗാസ – ഗാസയിൽ യുദ്ധത്തിനിടെ അവശേഷിച്ച പൊട്ടാത്ത വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ച് ഒരു ബാലൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇതിനുപുറമെ, ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സലിം കുടുംബത്തിലെ 60 പേരുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിൽ സിവിൽ ഡിഫൻസ് ടീം കണ്ടെടുത്തു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു.
അതേസമയം, കനത്ത അതിശൈത്യവും കൊടുങ്കാറ്റും ഗാസയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. ഒരു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 13 പേർ തണുപ്പ് മൂലം മരണപ്പെട്ടു. പേമാരിയിൽ ഗാസയിലെ 90 ശതമാനം അഭയകേന്ദ്രങ്ങളും വെള്ളത്തിനടിയിലാവുകയും ആയിരക്കണക്കിന് ടെന്റുകൾ നശിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ടെന്റുകൾ ഒന്നിനും പരിഹാരമല്ലെന്നും ജനങ്ങളുടെ അന്തസ്സും ജീവനും സംരക്ഷിക്കാൻ സുരക്ഷിതമായ വീടുകൾ നിർമ്മിച്ചു നൽകണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ അഭ്യർത്ഥിച്ചു.



