ലണ്ടന്‍ – ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ന് ബ്രിട്ടീഷ് മന്ത്രിസഭയെ അറിയിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദീര്‍ഘകാല സമാധാനത്തിനുള്ള പ്രതിബദ്ധത, വെടിനിര്‍ത്തല്‍, ഗാസയിലേക്ക് സഹായം അനുവദിക്കല്‍, വെസ്റ്റ് ബാങ്കിലെ ഒരു പ്രദേശവും ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കില്ലെല്ലെന്ന് സ്ഥിരീകരിക്കല്‍ എന്നിവ ഇസ്രായിലിന്റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികളില്‍ ഉള്‍പ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം ഫലസ്തീനികളുടെ അനിഷേധ്യമായ അവകാശമാണ്. അത് ആരുടെയും സമ്മാനമല്ല. ഹമാസും ഇസ്രായിലും ആവശ്യമായ നടപടികള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് സെപ്റ്റംബറില്‍ ചേരുന്ന യു.എന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി ബ്രിട്ടന്‍ വിലയിരുത്തും.
ലേബര്‍ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദം ലഘൂകരിക്കുന്നതിന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി ഈ ആഴ്ച അനാവരണം ചെയ്യുമെന്ന് ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗാസ സമാധാന പദ്ധതിയെ കുറിച്ചുള്ള ദര്‍ശനത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്തതായി സ്റ്റാര്‍മര്‍ ഇന്ന് രാവിലെ പറഞ്ഞു.
സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാക്രോണിന്റെ പ്രഖ്യാപനത്തെ അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. പക്ഷേ ഇസ്രായിലിനെയും അമേരിക്കയെയും ഇത് ചൊടിപ്പിച്ചു.
റഷ്യയും ചൈനയും ഇന്ത്യയും അടക്കം 140 ലേറെ രാജ്യങ്ങള്‍ ഇതിനകം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 2025 ലെ കണക്കനുസരിച്ച്, 193 യു.എന്‍ അംഗരാജ്യങ്ങളില്‍ 147 രാജ്യങ്ങള്‍ ഫലസ്തീനെ പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ലോകത്തെ 75 ശതമാനം രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.
2024 ല്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിന്, എല്ലാ യു.എന്‍ അംഗരാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ഒരു കൂട്ടം യു.എന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. അതിനുശേഷം, അര്‍മേനിയ, സ്ലോവേനിയ, അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍, ബഹാമാസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നീ ഒന്‍പത് രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു.