വാഷിംഗ്ടൺ: ഗാസ യുദ്ധത്തിനിടെ ഇസ്രായിൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പ്രതിഷേധിച്ച് സി.ഇ.ഒ ബ്രാഡ് സ്മിത്തിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധ സംഘടനയായ നോ അസൂർ ഫോർ അപ്പാർത്തീഡ് അറിയിച്ചു.
അറസ്റ്റിലായവരിൽ മൈക്രോസോഫ്റ്റിന്റെ നിലവിലെ ജീവനക്കാരും മുൻ ജീവനക്കാരും ഉൾപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമായ അസൂർ, ഫലസ്തീൻ ലക്ഷ്യങ്ങൾക്കെതിരെ ഇസ്രായിൽ ഉപയോഗിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു, ഇത് മൈക്രോസോഫ്റ്റ് അവലോകനം ചെയ്യുകയാണെന്ന് പ്രസ്താവിച്ചു.
ബ്രാഡ് സ്മിത്തിന്റെ ഓഫീസിനുള്ളിൽ അറസ്റ്റ് നടക്കുന്നതും കെട്ടിടത്തിന് പുറത്ത് പ്രതിഷേധിക്കുന്നതിന്റെയും ദൃശ്യങ്ങൾ ട്വിച്ചിൽ തത്സമയം സ്ട്രീം ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ മൈക്രോസോഫ്റ്റ് ജീവനക്കാരാണെന്ന് ബ്രാഡ് സ്മിത്ത് പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച, കമ്പനി ആസ്ഥാനത്ത് സമാന പ്രതിഷേധത്തിന് 18 പേർ അറസ്റ്റിലായിരുന്നു.
മുൻപ്, സി.ഇ.ഒ സത്യ നദെല്ലയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ജീവനക്കാരനെയും ഏപ്രിലിൽ 50-ാം വാർഷികാഘോഷത്തിൽ ഇടപെട്ട രണ്ട് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. നോ അസൂർ ഫോർ അപ്പാർത്തീഡ്, മൈക്രോസോഫ്റ്റിന്റെ ഇസ്രായിൽ ബന്ധം അവസാനിപ്പിക്കണമെന്നും ഫലസ്തീനികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.