തെൽ അവീവ്: ഗാസയിലെ യുദ്ധം രൂക്ഷമാക്കുന്നതിനെതിരെ ഇസ്രായേൽ സമാധാന പ്രവർത്തകർ തത്സമയ ടി.വി. സംപ്രേഷണത്തിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചു. ‘ബിഗ് ബ്രദർ’ ഷോയുടെ വോട്ടെടുപ്പിനിടെ ‘ഗാസ വിടുക’ എന്ന മുദ്രാവാക്യം എഴുതിയ വെളുത്ത ടീ-ഷർട്ടുകൾ ധരിച്ച യുവതീ-യുവാക്കൾ വേദിയിലേക്ക് ചാടി, നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ നീക്കം ചെയ്യുന്നതിനിടെ, “ജനങ്ങൾ ആവശ്യപ്പെടുന്നു, യുദ്ധം നിർത്തൂ” എന്ന് പ്രവർത്തകർ ആവർത്തിച്ച് വിളിച്ചു. ഇസ്രായേലികളും ഫലസ്തീനികളും തമ്മിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന ‘സ്റ്റാൻഡിങ് ടുഗെദർ’ എന്ന സംഘടന പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
“ജൂത കുടിയേറ്റ കോളനികളുടെ പേര് പറഞ്ഞ് ഇസ്രായേൽ സർക്കാർ ബന്ദികളെ ഉപേക്ഷിച്ച് ഗാസയിൽ നാശവും പട്ടിണിയും വിതയ്ക്കുകയാണ്. ഈ സ്ഥിതി തുടരാനാവില്ല. യുദ്ധ പദ്ധതികൾ തടയണം, ഉടൻ നിർത്തണം,” എന്ന് സംഘടന അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രസ്താവിച്ചു.